ഫെയ്സ്ബുക്, വാട്സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്രമുഖ സമൂഹമാധ്യമ-മെസഞ്ചര്‍ സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം പണിമുടക്കിയത് ലോകജനതയെ ഞെട്ടിച്ചുകളഞ്ഞു. സമീപകാലയളവില്‍ ആദ്യമായിട്ടായിരുന്നു ഇത്രയും വലിയൊരു ഔട്ടേജ് അഥവാ ഇന്റര്‍നെറ്റ് സേവനസ്തംഭനം ലോകത്തു സംഭവിക്കുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ കുറച്ചുനേരത്തേക്കു പണിമുടക്കിയതല്ലാതെ ഇന്റര്‍നെറ്റിനു യാതൊരു കുഴപ്പവും സംഭവിച്ചില്ലെന്നത് ആശ്വാസകരമായ കാര്യം.
എന്നാല്‍ അര്‍മീനിയ എന്ന യൂറോപ്യന്‍ രാജ്യത്ത് പൊടുന്നനെ 12 മണിക്കൂര്‍ ഇന്റര്‍നെറ്റില്ലാതെ പോയിട്ടുണ്ട്. 2011ല്‍ ആയിരുന്നു ഈ പ്രസിദ്ധ സംഭവം. വലിയ കാരണങ്ങളൊന്നുമായിരുന്നില്ല ഈ സ്തംഭനത്തിനു പിന്നില്‍. ഒരു മുത്തശ്ശി ഒരു കുഴിയെടുത്തതായിരുന്നു ഇതിലേക്കു വഴിവച്ചത്. അര്‍മീനിയയില്‍ ആയിരുന്നില്ല ഈ കുഴി. അയല്‍രാജ്യമായ ജോര്‍ജിയയിലായിരുന്നു.
ജോര്‍ജിയയുടെ തലസ്ഥാനമായ ടിബ്ലിസി നഗരത്തിന് 50 കിലോമീറ്റര്‍ അകലെ മാറിയുള്ള അര്‍മാസി എന്ന ഗ്രാമത്തിലാണ് എഴുപത്തിയഞ്ച് വയസ്സുകാരിയായ ഹായസ്റ്റാന്‍ ഷക്കാറിയാന്‍ താമസിച്ചിരുന്നത്. പെന്‍ഷന്‍ പറ്റിയ മുന്‍ ജീവനക്കാരിയായിരുന്നു അവര്‍. ജോര്‍ജിയയില്‍ ആളുകള്‍ പണ്ട് ഉപേക്ഷിക്കപ്പെട്ട ലോഹവസ്തുക്കള്‍ക്കായി തങ്ങളുടെ ചുറ്റുപാടുമുള്ള ഭൂമി കുഴിച്ചുനോക്കുന്നത് പതിവായിരുന്നു. എന്തെങ്കിലും ലോഹം കിട്ടിയാല്‍ അതവര്‍ ആക്രിവിലയ്ക്കു വിറ്റ് പണം കണ്ടെത്തും. ഇത്തരത്തിലൊരു ശ്രമമായിരുന്നു ഷക്കാറിയാനും നടത്തിയത്. എന്തെങ്കിലും ചെമ്പോ തകരമോ കിട്ടിയാല്‍ അതു കൊണ്ടുവില്‍ക്കാം. അത്രയുമേ ആ മുത്തശ്ശി വിചാരിച്ചുള്ളൂ.
എന്നാല്‍ കുഴിയെടുക്കാനായി ഷക്കാറിയാന്‍ ഉപയോഗിച്ച മണ്‍വെട്ടി ഭൂഗര്‍ഭ കേബിളുകളിലൊന്നില്‍ വന്നു മുട്ടി. മണ്‍വെട്ടിയുടെ മൂര്‍ച്ചയില്‍ കേബിള്‍ മുറിഞ്ഞു. വെറുമൊരു കേബിള്‍ ആയിരുന്നില്ല അത്. സെക്കന്‍ഡില്‍ 12.6 ടെറാബൈറ്റ് ഡേറ്റ കൈമാറ്റം നടക്കുന്ന ജോര്‍ജിയന്‍ കോകസസ് കേബിളായിരുന്നു അത്.
ജോര്‍ജിയ ടെലികോം കമ്പനിക്കായിരുന്നു ഈ കേബിളിന്റെ ചുമതല. അവരും കാരണമറിയാതെ ആദ്യം പരുങ്ങി. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കു ശേഷം അവര്‍ കാരണം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു. ഷക്കാറിയന്‍ മുത്തശ്ശി താമസിയാതെ അറസ്റ്റിലായി. എന്താണ് ഇന്റര്‍നെറ്റ് എന്നു പോലും തനിക്കറിയില്ലെന്നായിരുന്നു അവര്‍ അധികൃതരോട് പറഞ്ഞത്.