‘ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ കോടീശ്വരിയായ ഭാര്യ’ – അതാണ് അക്ഷത മൂര്‍ത്തിക്ക് മാധ്യമങ്ങള്‍ ഇപ്പോള്‍ നല്കുന്ന വിശേഷണം. ഋഷി സുനക് ബ്രിട്ടനെ നയിക്കാനൊരുങ്ങുമ്പോള്‍ അക്ഷതയും വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്. നാരായണ മൂര്‍ത്തിയുടെയും സുധ മൂര്‍ത്തിയുടെയും മകള്‍, ബ്രിട്ടിനിലെ അതിസമ്പന്നയായ ഇന്ത്യന്‍ വനിത എന്നിവയ്ക്കൊപ്പം ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഭാര്യ എന്ന വിശേഷണവുമുണ്ട് അക്ഷതയ്ക്കിപ്പോള്‍. ഇന്‍ഫോസിസില്‍ 0.93 ശതമാനം ഓഹരിയും അക്ഷതയ്ക്കുണ്ട്.
ബ്രിട്ടനിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ 222-ാം സ്ഥാനത്താണ് ഋഷി- അക്ഷത ദമ്പതികള്‍. 2022 ലെ കണക്കനുസരിച്ച് ഇരുവര്‍ക്കുമായി 730 മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ട്. അക്ഷതയുടെ സ്വകാര്യ സ്വത്ത് സംബന്ധിച്ച് ബ്രിട്ടിഷ് മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച നടന്നിരുന്നു. ബ്രിട്ടനില്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ക്ക് വിദേശത്തുനിന്നുള്ള വരുമാനത്തിന് ബ്രിട്ടനില്‍ നികുതിയടയ്ക്കേണ്ടതില്ല. ഈ പഴുത്, അന്ന് ധനമന്ത്രിയായിരുന്ന സുനകും ഉപയോഗപ്പെടുത്തുന്നുവെന്നും ധനമന്ത്രിയുടെ ഭാര്യ നികുതിയടയ്ക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു. നിയമപരമായി നല്‍കേണ്ടതില്ലെങ്കില്‍ കൂടി, ഭര്‍ത്താവിനെതിരായ ആരോപണത്തിന്റെ പുകമറ നീക്കാന്‍ അക്ഷത അന്നു നികുതിയായി അടച്ചത് 20 മില്യന്‍ പൗണ്ടാണ്.