അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ തൈറോയിഡ് ഓപ്പറേഷനിടെ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജയന്‍ സ്റ്റീഫന് സസ്‌പെന്‍ഷന്‍

2 second read
0
0

അടൂര്‍ : അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ തൈറോയിഡ് ഓപ്പറേഷനിടെ രോഗി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജയന്‍ സ്റ്റീഫന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ഡയറക്ടര്‍ ഡോ. എ റംല ബീവി ഉത്തരവിട്ടു. മരിച്ച എസ്. കലയുടെ ഭര്‍ത്താവ് വി.വി. ജയകുമാറിന്റെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് അടൂര്‍ വില്ലേജ് ഓഫീസര്‍ കലയപുരം വാഴോട്ടുവീട്ടില്‍ എസ്. കല ഹോളി ക്രോസ് ആശുപത്രിയില്‍ തൈറോയ്ഡ് ഓപ്പറേഷനിടെ മരിക്കുന്നത്. ബന്ധുക്കള്‍ ചികിത്സാ പിഴവ് ആരോപിച്ച് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അന്വേഷണ ചുമതല അടൂര്‍ ഡി.വൈ.എസ്.പി.ക്കാണ്. മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഡോ. ജയന്‍ സ്റ്റീഫന്‍ ഹോളി ക്രോസ് ആശുപത്രിയില്‍ ചികില്‍സ നടത്തിയിരുന്നത്. ജയന്‍ സ്റ്റീഫന്റെ ചികില്‍സയിലായിരുന്ന കലയ്ക്ക് അദ്ദേഹം തന്നെയായിരുന്നു ഓപ്പറേഷന്‍ വേണമെന്ന് നിര്‍ദ്ദേശിച്ചതും. തഹസീല്‍ദാറായി പ്രമോഷന്‍ കിട്ടിയ കല ചുമതല ഏറ്റെടുക്കും മുമ്പ് ഓപ്പറേഷന്‍ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയില്‍ കലയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായി ഡോക്ടര്‍ പരിശോധന നടത്തിയെന്നും ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും അറിയിച്ചു. എന്നാല്‍ 5.30-ന് കലയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വിവരം അറിയിച്ചുവെന്നും അവിടെ നിന്നും മെഡിക്കല്‍ സംഘം ഉള്‍പ്പെടുന്ന ഐ.സി.യു ആംബുലന്‍സ് വരുമെന്നും അവിടേക്ക് മാറ്റണമെന്നും അറിയിച്ചു.

എന്നാല്‍ രണ്ടു മണിക്കൂറിനു ശേഷവും വാഹനം എത്താതായതോടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടു.തുടര്‍ന്ന് സമീപത്തുള്ള സാധാരണ ആംബുലന്‍സാണ് എത്തിയത്. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം അശുപത്രിയില്‍ നിന്നും ഒരു ഡോക്ടറും നഴ്സും കൂടി കൊല്ലത്തെ ആശുപത്രിയിലേക്ക് കലയ്ക്കൊപ്പം പോയി. ശനിയാഴ്ച രാവിലെ 10.30-ന് വില്ലേജ് ഓഫീസര്‍ മരണപ്പെട്ടതായി കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡോ. ജയന്‍ സ്റ്റീഫന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ നടന്നതെന്ന് ബന്ധുക്കള്‍ മൊഴിയില്‍ പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് രേഖകളില്‍ ഉള്‍പ്പെടുത്താത്ത ആശുപത്രി അധികൃതര്‍ ഡോ. സുരേഷ് ബാബു, ഡോ. ജോര്‍ജ് എന്നിങ്ങനെ രണ്ട് ഡോക്ടര്‍മാരാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയതെന്നാണ് വിശദീകരിക്കുന്നത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘പുലിറ്റ്‌സര്‍ ബുക്‌സ്’ വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്

കൊല്ലം: 2024ലെ പുലിറ്റ്‌സര്‍ ബുക്‌സ് വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്റെ ആല്‍ബ…