അടൂര്‍: സ്‌കാനിങ് സെന്ററില്‍ പരിശോധനയ്‌ക്കെത്തിയ യുവതി വസ്ത്രം മാറുന്നത് ഒളിപ്പിച്ചു വച്ച മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ റേഡിയോഗ്രഫര്‍ അറസ്റ്റില്‍. ജനറല്‍ ആശുപത്രിക്കു സമീപത്തെ ദേവി സ്‌കാനിങ് ആന്‍ഡ് ലാബില്‍ നടന്ന സംഭവത്തില്‍ ലാബിലെ റേഡിയോഗ്രഫര്‍ കൊല്ലം ചിതറ മടത്തറ നിധീഷ് ഭവനില്‍ എ.എന്‍.അന്‍ജിത്ത് (24) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കാലിന്റെ എംആര്‍ഐ സ്‌കാന്‍ എടുക്കാന്‍ എത്തിയ യുവതിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്.
സ്‌കാന്‍ ചെയ്യുന്നതിനായി ലാബില്‍നിന്നു നല്‍കിയ വസ്ത്രം ധരിക്കാന്‍ മുറിയില്‍ കയറിയപ്പോഴാണ് സംഭവം. മുറിയിലെ അലമാരയ്ക്കുള്ളില്‍ അടുക്കി വച്ചിരുന്ന തുണികള്‍ക്കിടയിലായിരുന്നു ക്യാമറ ഓണാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത്. വസ്ത്രം മാറിക്കഴിഞ്ഞ് സംശയം തോന്നിയ യുവതി മുറിയാകെ പരിശോധിച്ചപ്പോഴാണ് അലമാരയിലെ തുണികകള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശധനയില്‍ വസ്ത്രം മാറുന്ന ദൃശ്യം ഫോണില്‍ കണ്ടെത്തുകയായിരുന്നു. അപ്പോള്‍ തന്നെ യുവതി ആ ദൃശ്യം നീക്കം ചെയ്തു. ഈ സമയം ഫോണ്‍ അന്‍ജിത്ത് തട്ടിപ്പറിച്ചെടുത്തു. പിന്നീട് യുവതി നല്‍കിയ പരാതിയെതുടര്‍ന്ന് സ്‌കാനിങ് സെന്ററിലെത്തി പരിശോധന നടത്തിയ ശേഷം അന്‍ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഫോണില്‍ സമാനമായ രീതിയില്‍ നേരത്തേ എടുത്ത ഇരുപതോളം ചിത്രങ്ങള്‍ ഉള്ളതായാണ് സൂചന. കൂടുതല്‍ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിനു കൈമാറും. ഡിവൈഎസ്പി ആര്‍. ബിനു, ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്‌ഐമാരായ വിപിന്‍കുമാര്‍, സുദര്‍ശന എന്നിവരുടെ നേതൃത്വത്തിലാണ് അന്‍ജിത്തിനെ അറസ്റ്റ് ചെയ്തത്.
വിവാദപരമായ സംഭവങ്ങള്‍ ഉണ്ടായിട്ടും ദേവിസ്‌കാന്‍ ലാബ് ചെയര്‍മ്മാന്‍ നൗഷാദ് പ്രതിഷേധമാര്‍ച്ച് നടത്തിയ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇയാള്‍ മറ്റൊരാളുടെ ഉടമസ്ഥതയിലായിരുന്ന സ്‌കാനിംഗ് സെന്റര്‍ വളഞ്ഞവഴിയിലൂടെ തട്ടിയെടുക്കുകയായിരുന്നത്രെ!