അടൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി അരക്കോടിയോളം തട്ടി മുങ്ങുകയും എറണാകുളം കേന്ദ്രീകരിച്ച് പുതിയ സ്ഥാപനം തുടങ്ങി തട്ടിപ്പു തുടരാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ തട്ടിപ്പുകാരന് പിടിയില്‍. കലഞ്ഞൂര്‍ പാലമലയില്‍ അംബികാ ഭവനത്തില്‍ അജികുമാറി(47)നെയാണ്പോലീസ് അറസ്റ്റ് ചെയ്തത്.
കോന്നി കുമ്മണ്ണൂര്‍ സ്വദേശിനിക്കു വിദേശത്ത് നഴ്സിങ് ജോലിവാഗ്ദാനം ചെയ്ത് 1.65 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ഇയാള്‍ മാസങ്ങളായി ഒളിവിലായിരുന്നു. അടൂരില്‍ ഓള് ഇന്ത്യ ജോബ് റിക്രൂട്ട്മെന്റ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഇതിന്റെ മറവില്‍ നിരവധി ആളുകളില്‍ നിന്നും ഇയാള്‍ പണം തട്ടിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ പ്രതി എറണാകുളത്ത് പുതിയ റിക്രൂട്ടിങ് സ്ഥാപനം തുടങ്ങാനുള്ള തയാറെടുപ്പ് നടത്തി വരുമ്പോഴാണ് പിടിയിലാകുന്നത്.
പുതിയ സ്ഥാപനത്തിന്റെ വിസിറ്റിങ് കാര്‍ഡും ലെറ്റര്‍ പാഡും പ്രതി തയാറാക്കിയിരുന്നു. പോലീസ് പരിശോധനയില്‍ പ്രതിയില്‍ നിന്നും മുപ്പതിലധികം പാസ്പോര്ട്ടുകള് കണ്ടെടുത്തിട്ടുണ്ട്. അടൂരില്‍ ഉള്ള പ്രതിയുടെ സ്ഥാപനം റെയ്ഡ് ചെയ്ത് നിരവധി രേഖകളും പിടിച്ചെടുത്തു. ജോലിവാഗ്ദാനം ചെയ്ത് 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ട് എന്നാണ് പോലീസിന്റെ നിഗമനം. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പരാതിയുമായി എത്തുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
ഡിവൈ.എസ്.പി ആര്.ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ടി.ഡി പ്രജീഷ്, എസ്.ഐമാരായ എം. മനീഷ്, സുരേഷ് ബാബു, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അജിത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അന്‍സാജു, രതീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.