ശബരിമല: പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്കുള്ള പരമ്പരാഗത പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തി ദേവസ്വം ബോര്‍ഡ്. നീലിമലയില്‍ അടക്കം നിര്‍മാണം പാതിവഴിയില്‍ കിടക്കുന്ന വേളയിലാണ് ദേവസ്വം ബോര്‍ഡ് വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനേയും കൊണ്ട് ഉദ്ഘാടനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 12.10 കോടി രൂപ ചിലവഴിച്ചാണ് പാതയുടെ നവീകരണം നടത്തുന്നത്. തീര്‍ത്ഥാടനത്തിന് മുമ്പ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു അവകാശവാദം.
എന്നാല്‍, തീര്‍ത്ഥാടനം ആരംഭിച്ച് നാലുദിനം പിന്നിടുമ്പോഴും നീലിമല അപ്പാച്ചിമേട് ഭാഗങ്ങളിലായി 250 മീറ്ററോളം ഭാഗത്ത് നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പരമ്പരാഗത പാതയുടെ പല ഭാഗങ്ങളിലും വലിയ കല്ലുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മലകയറ്റത്തിനിടെ കുഴഞ്ഞു വീണ തീര്ത്ഥാടകന്, നിര്‍മാണത്തിനായി ഇട്ടിരുന്ന കല്ലില്‍ തലയടിച്ച് വീണാണ് മരണം സംഭവിച്ചത്. തീര്‍ത്ഥാടകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കരിങ്കല്ലുകള്‍ മാറ്റാന്‍ പോലും ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയ്യാറായിട്ടില്ല. നീലിമല, അപ്പാച്ചിമേട്, ശരംകുത്തി ഭാഗങ്ങളിലാണ് ഇനിയും പണി പൂര്‍ത്തിയാകാനുള്ളത്. ശരണപാതയില്‍ നിര്‍മാണത്തിന് എത്തിച്ച കരിങ്കല്ലുകള്‍ അലക്ഷ്യമായി നിരത്തിയും ചാരിയും വെച്ചിരിക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ ബാരിക്കേഡിന്റെ ഉയരം കുറഞ്ഞതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
തുടര്‍ച്ചയായി പെയ്ത മഴയില്‍ കല്ലുകള്‍ക്കിടയില്‍ വലിയ വിടവുകളും രൂപപ്പെട്ടിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തിയായ പല ഭാഗങ്ങളിലും കല്ലുകള്‍ ഇളകിയ നിലയിലാണ്. പമ്പയില്‍ നിന്നും ശരംകുത്തിവരെ ഏഴു മീറ്റര്‍ വീതിയിലും 2,770 മീറ്റര്‍ നീളത്തിലുമാണ് കല്ലുകള്‍ വിരിച്ചിരിക്കുന്നത്. കല്ലുകളിലെ വിടുവുകളില് കാല് കുടുങ്ങി തീര്‍ത്ഥാടകര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യം മന്ത്രിയെ അറിയിച്ചപ്പോള്‍ ഭക്തരെ സ്വാമി അയ്യപ്പന് റോഡ് വഴി പോകാനാണ് നിര്ദ്ദശിച്ചിരിക്കുന്നതെന്നും നീലിമല പാത വഴി പോകാന്‍ നിര്‍ബന്ധം പിടിക്കുന്നവരെ മാത്രമേ അതുവഴി കടത്തിവിടുന്നുള്ളൂവെന്നാണ് മന്ത്രി പറഞ്ഞത്.