അടൂര്‍: വില്ലേജ് ഓഫീസര്‍ കല തൈറോയ്ഡ് ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗം അസി. പ്രഫസര്‍ ഡോ. ജയന്‍ സ്റ്റീഫന്‍ കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഹോളിക്രോസ് ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നുവെന്ന് രോഗികള്‍ തന്നെ പറയുന്നു. ഡോക്ടറുടെ പേര് ഒരിടത്തും എഴുതി വച്ചിരുന്നില്ല. എന്നാല്‍, മെഡിക്കല്‍ കോളജ് സര്‍ജന്‍
ആഴ്ച്ചയില്‍ രണ്ടു തവണ ഇവിടെ വരുന്നുവെന്ന വിവരം നാട്ടില്‍ പാട്ടായിരുന്നു. മികച്ച ഡോക്ടര്‍ എന്ന് പേരെടുത്തിട്ടുള്ള ജയന്‍ സ്റ്റീഫനെ വിശ്വസിച്ച് ഇവിടെ സര്‍ജറിക്കായി നേരത്തേ ആള്‍ക്കാര്‍ ബുക്ക് ചെയ്യുമായിരുന്നു. ചില സര്‍ജറികളില്‍ പിഴവ് വന്നെങ്കിലും അന്നൊന്നും അതൊരു പരാതിയായി വന്നില്ല.
വില്ലേജ് ഓഫീസര്‍ മരിച്ചപ്പോഴും സര്‍ജറി ചെയ്തത് ഡോ. ജയന്‍ ആണെന്ന് ആദ്യം ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നില്ല. ഇതേ ആശുപത്രിയിലെ തന്നെ ഡോക്ടര്‍മാരായ സുരേഷ്, പിജി് ജോര്‍ജ് എന്നിവരുടെ പേരിലാണ് കുറ്റം ചാര്‍ത്തപ്പെട്ടത്. കേസ് ഷീറ്റുകളില്‍പ്പോലും ഡോ. സുരേഷിന്റെ പേരായിരുന്നുവത്രേ. ഒടുവില്‍ താന്‍ കുടുങ്ങുമെന്ന് മനസിലാക്കി ഡോ. സുരേഷ് പിന്മാറിയതോടെയാണ് ഡോ. ജയന്റെ പേര് പൊന്തി വന്നത്. ഗുരുതരാവസ്ഥയിലായ കലയുമായി കൊല്ലം മെഡിസിറ്റിയിലേക്ക് പോയപ്പോള്‍ ആംബുലന്‍സില്‍ ഒപ്പം കയറിയതും ഈ ഡോക്ടര്‍മാരായിരുന്നു. അന്ന് അടൂരിലുണ്ടായിരുന്ന ബന്ധുക്കള്‍ പറഞ്ഞത് സര്‍ജറി നടത്തിയത് ഡോ. സുരേഷ് ആണെന്നായിരുന്നു. പിന്നീട് കലയുടെ ഭര്‍ത്താവാണ് ഡോ. ജയനാണ് സര്‍ജറി നടത്തിയത് എന്ന വിവരം വെളിപ്പെടുത്തിയത്.
ഡോ. ജയന്‍ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഹോളി ക്രോസില്‍ പ്രാക്ടീസ് ചെയ്തു വരുന്നുണ്ട്. ആഴ്ച്ചയില്‍ രണ്ടു ദിവസമാണ് ഇവിടെ എത്തുന്നത്. അത് അടുപ്പിച്ചുള്ള ദിവസങ്ങളാകും. ഈ രണ്ടു ദിവസം കൊണ്ട് പതിനഞ്ചോളം സര്‍ജറിയുടെ ബുക്കിങ് ഉണ്ടാകും. വന്‍ തുക തന്നെ ഈ സര്‍ജറിക്ക് ഈടാക്കുന്നുണ്ടെന്നും പറയുന്നു. മെഡിക്കല്‍ പഠനം കഴിഞ്ഞുള്ള കാലഘട്ടത്തില്‍ ജൂനിയര്‍ ഡോക്ടര്‍ എന്ന നിലയില്‍ ഹോളിക്രോസിലാണ് ജയന്‍ സ്റ്റീഫന്‍ പരിശീലനം നടത്തിയിരുന്നത് എന്നും പറയുന്നു. എന്തായാലും ഇദ്ദേഹത്തിന് ഇവിടെ സ്വന്തമായി ക്യാബിനും ക്വാര്‍ട്ടേഴ്സുമുണ്ടായിരുന്നു.
മേജര്‍ സര്‍ജറികള്‍ നടത്താനുള്ള സൗകര്യം ഈ ആശുപത്രിയില്‍ ഇല്ല. കാര്‍ഡിയാക് വിഭാഗം സുസജ്ജമല്ല. ശസ്‌ക്രിയയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായിട്ടാണ് വില്ലേജ് ഓഫീസര്‍ മരിച്ചത്. ഈ സമയം ഡോ. ജയന്‍ സ്റ്റീഫന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് മതിയായ ചികില്‍സ നല്‍കാന്‍ തക്ക സൗകര്യം ആശുപത്രിയില്‍ ഇല്ലാതിരുന്നതും വിനയായി.