തൃശൂര്‍: പൊതുമേഖലാ സ്ഥാപനമായ ഹാന്‍ടെക്സില്‍ ഡിപ്പോ മാനേജരായി വിരമിച്ചയാള്‍ പത്താം വര്‍ഷവും താല്‍ക്കാലിക ജീവനക്കാരനായി ജോലി തുടരുന്നു. ഗുരുവായൂരിലെ ഹാന്‍ടെക്സ് വില്പനശാലയിലാണ് പാര്‍ട്ടി ബന്ധു ആജീവനാന്ത ജോലി തുടരുന്നത്. ഹാന്‍ടെക്സിലെ നിയമനങ്ങളുടെ ചുമതല രണ്ടു പതിറ്റാണ്ടിലേറെയായി പിഎസ്സിക്കു കീഴിലാണ്. എന്നാല്‍, ഇദ്ദേഹത്തിന്റെ ഒഴിവിലേക്കു മാത്രം 10 വര്‍ഷമായി നിയമനം നടന്നിട്ടില്ല. അതേസമയം, ആള്‍ക്ഷാമം കാരണമാണ് താല്‍ക്കാലിക ജീവനക്കാരന് തുടരുന്നതെന്നും പകരം നിയമനം വൈകാതെ നടക്കുമെന്നു കരുതുന്നുവെന്നും ഹാന്‍ടെക്സ് റീജനല്‍ മാനേജര്‍ പ്രതികരിച്ചു.
ജോലിയില്‍ നിന്നു വിരമിച്ചവര്‍ക്കു താല്‍ക്കാലിക തസ്തികയില്‍ തുടര്‍ നിയമനം നല്കുന്ന പതിവ് ഹാന്ടെക്സിലില്ല. എന്നാല്‍, ഗുരുവായൂരിലെ ഡിപ്പോ മാനേജര്‍ 2012ല്‍ വിരമിച്ചപ്പോള്‍ താല്‍ക്കാലിക ജീവനക്കാരനായി തുടര്‍ നിയമനം ലഭിച്ചു. ദിവസവും 500 രൂപയാണു വേതനം. ഹാന്‍ടെക്സ് ഷോറൂമിനു സമീപത്തായി ഇദ്ദേഹത്തിനു സ്വന്തമായി മറ്റൊരു വസ്ത്രവ്യാപാര ശാലയുണ്ടെന്നും പരാതിയുണ്ട്. ഹാന്‍ടെക്സിന്റെ റീജനല്‍ ഓഫിസിനു കീഴിലെ മറ്റൊരു യൂണിറ്റിലും ഒരാള്‍ക്കു പോലും സമാന രീതിയില്‍ ജോലി തരപ്പെടുത്താനായിട്ടില്ല. ഹാന്‍ടെക്സ് ഭരണനേതൃത്വത്തിലും പാര്‍ട്ടിയിലുമുള്ള ഉന്നത ബന്ധങ്ങളാണ് ഇതിനു കാരണമെന്നു സൂചനയുണ്ട്.