ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഫിഫയുടെ പ്രഥമ സ്റ്റോര്‍ തുറന്നു. ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കറും വിമാനത്താവളം ഓപ്പറേറ്റിങ് ഓഫിസര്‍ എന്‍ജി. ബദര്‍ മുഹമ്മദ് അല്‍മീറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ലോകകപ്പിന്റെ ഒറിജിനല്‍ ട്രോഫിയും യാത്രക്കാര്‍ക്കായി പ്രദര്‍ശിപ്പിച്ചു. ജഴ്സികള്‍, തൊപ്പികള്‍, ജാക്കറ്റുകള്‍, ഫുട്ബോളുകള്‍, കായിക അനുബന്ധ സാമഗ്രികള്‍, ലോകകപ്പ് ഔദ്യോഗിക ഉല്‍പന്നങ്ങള്‍, സുവനീര്‍ കറന്‍സികള്‍, അറബിക് കോഫിയായ ഖഹ്്വ കുടിക്കുന്നതിനുള്ള കപ്പുകളുടെ സെറ്റ്, മള്‍ട്ടി-ചാര്‍ജിങ് കേബിള്‍, മാച്ച് ടിക്കറ്റ് ഫ്രെയിം, ലഈബ് സുവനീറുകള്‍ എന്നിവയാണ് ഇവിടെയുള്ളത്.
ഫിഫ റിവൈന്‍ഡ് ഏരിയയില്‍ മെക്സിക്കോ 70, ഫ്രാന്‍സ് 98, സൗത്ത് ആഫ്രിക്ക 10, ഉറുഗ്വെ30 എന്നിവയുള്‍പ്പെടെ വിഖ്യാത ഫിഫ ലോകകപ്പിലെ ക്ലാസിക് വസ്ത്രങ്ങളുമുണ്ട്. ടി-ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍, ഹൂഡില്‍സ് എന്നിവ വാങ്ങാം.
ലോകകപ്പില്‍ സെമി ഫൈനലിലും ഫൈനലിലും ഉപയോഗിക്കുന്ന അല്‍ ഹില്‍മ് പന്തും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ഉപയോഗിച്ച അല്‍ രിഹ്ല പന്തും വാങ്ങാം. പുതുതായി വിപുലീകരിച്ച നോര്‍ത്ത് പ്ലാസയിലെ ദ ഓര്‍ക്കഡിലാണ് ഫിഫ സ്റ്റോര്‍.