ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം തിരുകി ലക്ഷങ്ങളുടെ തട്ടിപ്പ്: രണ്ട് ജീവനക്കാരികള്‍ അറസ്റ്റില്‍: ഒരു പാട് വിവാദങ്ങളില്‍ അകപ്പെട്ട ശ്രീവല്‍സം ഗ്രൂപ്പിന്റേതാണ് മണിമുറ്റം ഫൈനാന്‍സ്

2 second read
0
0

പന്തളം: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണത്തിനു പകരം ലോക്കറില്‍ മുക്കുപണ്ടം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു ജീവനക്കാരികള്‍ അറസ്റ്റില്‍. പത്തനംതിട്ട കോളജ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മണിമുറ്റത്ത് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ മാനേജര്‍ ആയിരുന്ന കൊടുമണ്‍ ഇടത്തിട്ട ദേവരാഗത്തില്‍ എല്‍. ശ്രീലത (50), ജോയിന്റ് കസ്റ്റോഡിയന്‍ ആയിരുന്ന ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി കോട്ടയില്‍ വീട്ടില്‍ ആതിര ആര്‍. നായര്‍ (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് 22 ന് സ്ഥാപന അധികൃതര്‍ നല്‍കിയ പരാതിയില്‍ സെപ്റ്റംബര്‍ 13 ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. തട്ടിപ്പ് നടത്തിയതിന് ശേഷം വിദേശത്തേക്ക് കടന്ന ആതിര നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആതിരയും ശ്രീലതയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് മണി മുറ്റത്ത് നിധി ജനറല്‍ മാനേജര്‍ കെ.ബി. ബൈജു, ഹെഡ് ഓഡിറ്റര്‍ മനോജ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആതിര സ്വന്തം കുടുംബാംഗങ്ങളുടെയും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ സ്വര്‍ണം പണയം വച്ച് സ്ഥാപനത്തില്‍ നിന്ന് 21 ലക്ഷത്തിനു മുകളില്‍ എടുത്തിരുന്നു. സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ അറിയാതെ ലോക്കര്‍ തുറന്ന് സ്വര്‍ണം തിരികെ എടുത്ത ശേഷം പകരം മുക്കുപണ്ടങ്ങള്‍ വയ്ക്കുകയായിരുന്നു.

പലപ്പോഴായി കൃത്യം നടത്തിയ ശേഷം ആതിര തനിക്ക് അസുഖം ആണെന്നും ഓഫീസില്‍ വരാന്‍ കഴിയില്ലെന്നും അറിയിച്ചു. ഇതിനിടെ ഇവര്‍ വിദേശത്തേക്ക് കടക്കുകയും ചെയ്തു. കുറ്റകൃത്യത്തില്‍ പ്രധാന പങ്കു വഹിച്ചത് ആതിരയാണെന്നാണ് വിവരം. എടുത്ത സ്വര്‍ണം തിരികെ നല്‍കുകയോ പണം അടയ്ക്കുകയോ ചെയ്യാതെ വന്നപ്പോഴാണ് അധികൃതര്‍ കേസു കൊടുത്തത്.

അതേസമയം, സംഭവത്തില്‍ സ്ഥാപന അധികൃതരുടെ പെരുമാറ്റത്തില്‍ ദുരൂഹത. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വരരുതെന്ന് പറഞ്ഞ് ഇവര്‍ ചെലുത്തിയ സമ്മര്‍ദത്തിന്റെ ഫലമായി പോലീസ് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നില്ല. എന്നാല്‍, ഇന്നലെ പന്തളത്ത് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത ജീവനക്കാര്‍ തട്ടിപ്പ് വാര്‍ത്ത മാധ്യമങ്ങളില്‍ വരാത്തത് കൊണ്ടാണ് തങ്ങള്‍ക്ക് പത്രസമ്മേളനം നടത്തേണ്ടി വന്നത് എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇതോടെ വാര്‍ത്ത മുക്കിയത് പോലീസാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. സംഭവം സംബന്ധിച്ച് ദുരൂഹത ഏറുകയാണ്. നേരത്തേ ഒരുപാട് വിവാദങ്ങളില്‍ അകപ്പെട്ട ശ്രീവല്‍സം ഗ്രൂപ്പിന്റേതാണ് മണിമുറ്റം ഫൈനാന്‍സ്. ജീവനക്കാരില്‍ ചിലര്‍ പലതരത്തിലുള്ള തട്ടിപ്പുകളും ഇവിടെ നടത്തുന്നതായി വിവരം ഉണ്ട്. ഇങ്ങനെ തട്ടിക്കുന്നവരെ ഭീഷണിപ്പെടുത്തി പണമോ പണ്ടമോ തിരികെ വാങ്ങുന്ന രീതിയാണുള്ളത്. വിവരം പോലീസിനെ അറിയിക്കാറില്ല.

പത്തനംതിട്ടയിലെ തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുണ്ട്. ഉടമകളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയാണ് വാര്‍ത്താ സമ്മേളനം വിളിച്ചത് എന്ന് വേണം കരുതാന്‍. സംഭവം നടന്ന പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനം വിളിക്കാതെ ശ്രീവല്‍സം ഗ്രൂപ്പിന്റെ ആസ്ഥാനമായ പന്തളത്താണ് വിളിച്ചത്. ഇവിടെയുളള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഭവത്തെ കുറിച്ച് കൂടുതല്‍ അറിവില്ല. പത്തനംതിട്ടയില്‍ വിളിച്ചാല്‍ വട്ടം ചുറ്റിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയാണ് വാര്‍ത്താ സമ്മേളനം പന്തളത്തേക്ക് മാറ്റിയത്.

 

 

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…