ന്യൂഡല്‍ഹി: ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് വ്യാപനം തുടരുകയും യുഎസില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറായി ഇരിക്കാന്‍ കേന്ദ്ര നിര്‍ദേശം. പോസിറ്റീവ് കേസുകളുടെ ജീനോം സ്വീക്വന്‍സിങ് വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതി.
”യുഎസ്, ജപ്പാന്‍, കൊറിയ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ പൊടുന്നനെ കോവിഡ് കേസുകളില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോസിറ്റീവ് കേസുകളുടെ ജീനോം സീക്വന്‍സിങ് വര്‍ധിപ്പിക്കണം. ഇവ ഇന്ത്യന്‍ സാര്‍സ്‌കോവ്2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം (ഇന്‍സാകോഗ് – INSACOG) വഴി നിരീക്ഷിക്കണം. അതുവഴി രാജ്യത്തു പുതിയ വകഭേദങ്ങള്‍ വരുന്നുണ്ടോയെന്ന് അറിയാനാകും. ആവശ്യമെങ്കില്‍ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കാന്‍ ഇവ ഉതകും” – ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്‍ കത്തില്‍ പറയുന്നു.
ഇന്‍സാകോഗ് എന്നത് ഇന്ത്യയിലെ 50ല്‍ അധികം ലബോറട്ടറികളുടെ ഒരു ശൃംഖലയാണ്. കോവിഡ് കേസുകളില്‍ ജനിതക വ്യതിയാനം നിരീക്ഷിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പുതിയ വൈറസ് വകഭേദത്തിന്റെ സവിശേഷതകള്‍ തിരിച്ചറിയാന്‍ ജീനോം സീക്വന്‍സിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. എല്ലാ പോസിറ്റീവ് കേസുകളുടെയും സാംപിളുകള്‍ ഇന്‍സാകോഗിലേക്ക് അയയ്ക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.