മസ്കത്ത്: ഒമാനില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, ദാഖിലിയ, മസ്കത്ത്, ദാഹിറ, ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക. തലസ്ഥാനത്തുള്‍പ്പെടെ ചൊവ്വാഴ്ച പുലര്‍ച്ച ആരംഭിച്ച മഴ തുടരുകയാണ്. ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മത്രയിലാണ്. 154 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ കിട്ടിയത്. മസ്കത്ത്: 113, സീബ്: 77 എന്നിങ്ങനെയാണ് കൂടുതല്‍ മഴ ലഭിച്ച മറ്റിടങ്ങളിലെ തോത്.
വിവിധ ഇടങ്ങളില്‍ കുടുങ്ങിയ 50ല്‍ അധികം ആളുകളെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തി. മത്ര സൂഖില്‍ മലയാളികളടക്കം നിരവധി പ്രവാസികളുടെ കടകളില്‍ വെള്ളം കയറി. റൂവി, ദാര്‍സൈത്ത്, വതയ്യ, ഹമരിയ, മത്ര, വാദി കബീര്‍, വല്ജ, ഖുറം, സീബ്, മബേല, അല്‍ ഖുവൈര്‍, തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
മഴയെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ചിലയിടങ്ങളില്‍ റോഡുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു. മുസന്ദം ഗവര്‍ണറേറ്റിന്റെ തീരങ്ങളിലും ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. തിരമാലകള്‍ മൂന്നു മീറ്റര്‍വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.