മുംബൈ: അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറില്‍ നിന്ന് എണ്ണപ്പാട്ടയിലാക്കി കൊണ്ടുവന്ന ലഹരിമരുന്നു നവസേവാ തുറമുഖത്തുനിന്നു പിടികൂടി. 25.45 കിലോഗ്രാം ലഹരിമരുന്നു കടുകെണ്ണയുടെ പാട്ടയിലാണു കടത്തിയത്. 3 പേര്‍ അറസ്റ്റിലായി.
ആദ്യമായാണ് എണ്ണപ്പാട്ടയിലെത്തിയ ലഹരി പിടിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇതു തുറന്നു പരിശോധിക്കുകയായിരുന്നു. ഇറാനിലെ ചാബഹാര്‍ തുറമുഖം വഴിയാണ് കണ്ടെയ്‌നര്‍ എത്തിയത്. ഇറാനില്‍ ഏറെക്കാലം താമസിച്ചിട്ടുള്ള ഇന്ത്യക്കാരനാണ് ഇറക്കുമതി ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് അഫ്ഗാന്‍ ബന്ധം വെളിപ്പെട്ടത്. തുടര്‍ന്നു 2 പേര്‍ കൂടി അറസ്റ്റിലാവുകയായിരുന്നു.