കോട്ടയം: ഈരാറ്റുപേട്ട- വാഗമണ്‍ റോഡിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാര്‍ നടത്തിപ്പില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് റിസ്‌ക് ആന്‍ഡ് കോസ്റ്റ് വ്യവസ്ഥപ്രകാരം കരാര്‍ റദ്ദാക്കി പദ്ധതി റീടെന്‍ഡര്‍ ചെയ്തു. റോഡ് പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. ജനുവരി 13 ആണ് പുതിയ ടെന്‍ഡര്‍ നല്‍കേണ്ട അവസാന തീയതി. മധ്യകേരളത്തില്‍നിന്നു വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് എത്തിച്ചേരാനുള്ള പ്രധാന റോഡാണിത്.
റോഡ് പണി കരാറെടുത്ത എറണാകുളത്തെ ഡീന്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വീഴ്ചയുടെ പേരില്‍ നടപടി നേരിടുന്നത്. റീ-ടെന്‍ഡറില്‍ അധികമായി ക്വോട്ട് ചെയ്യപ്പെടുന്ന തുക പഴയ കരാറുകാര്‍ സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് ‘റിസ്‌ക് ആന്‍ഡ് കോസ്റ്റ്’ (കരാറുകാരുടെ നഷ്ട ഉത്തരവാദിത്തത്തില്‍) വ്യവസ്ഥ. അതോടൊപ്പം ബാക്കിവന്നിട്ടുള്ള ജോലികളുടെ മുപ്പതു ശതമാനം തുകയും മൂന്നുമാസത്തിനുള്ളില്‍ ഇവര്‍ നല്‍കണം. ഏറ്റെടുത്തിട്ടുള്ള പല പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ഈ കരാറുകാരുടെ ഭാഗത്തുനിന്ന് നിരന്തരമായ വീഴ്ച വരുന്നുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കരാര്‍ റദ്ദാക്കുന്നതിനൊപ്പം പൊതുമരാമത്ത് ചട്ടപ്രകാരം ഇവര്‍ക്കെതിരെ തുടര്‍ നടപടികളും സ്വീകരിക്കും.
പത്തുവര്‍ഷത്തിലേറെയായി അറ്റകുറ്റപ്പണികള്‍പോലും കാര്യമായി നടക്കാതെ തകര്‍ന്നു കിടന്ന റോഡിന്റെ പുനരുദ്ധാരണത്തിന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് നടപടികളാരംഭിച്ചത്. 2021 ഒക്ടോബറില്‍ 19.9 കോടി രൂപയുടെ ഭരണാനുമതിയും ഡിസംബറില്‍ സാങ്കേതികാനുമതിയും നല്‍കി. കിഫ്ബിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന റോഡിന് 16.87 കോടി രൂപയ്ക്കാണ് ഡീന്‍ കണ്‍സ്ട്രക്ഷന് 2022 ഫെബ്രുവരിയില്‍ കരാര്‍ നല്‍കിയത്. ആറുമാസംകൊണ്ട് റോഡ് പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിബന്ധന. ഇത് പാലിക്കാതെ വന്നതിനെതുടര്‍ന്ന് പൊതുമരമാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരിട്ട് ഇടപെടുകയും നിര്‍മാണ കാലാവധി മൂന്നുമാസത്തേക്കുകൂടി നീട്ടിക്കൊടുത്തുകൊണ്ട് നോഡല്‍ ഓഫിസറായി എസ്. ഷാനവാസിനേയും റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷന്‍ എംഡി എസ്.സുഹാസിനേയും ജനറല്‍ മാനേജര്‍ സിന്ധുവിനേയും മേല്‍നോട്ടത്തിനായി നിയോഗിക്കുകയും ചെയ്തു.
നീട്ടിക്കൊടുത്ത കാലയളവില്‍ തീക്കോയി വരെയുള്ള ആദ്യത്തെ ആറുകിലോമീറ്റര്‍ ദൂരത്തിന്റെ ബി.എം. ജോലികള്‍ പൂര്‍ത്തിയാക്കാനും ബാക്കി ഭാഗം കുഴികളടച്ച് സഞ്ചാരയോഗ്യമാക്കാനും സാധിച്ചത് ഇതിനാലാണ്. മുടങ്ങിയ പണികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുനരാരംഭിച്ചില്ലെങ്കില്‍ കരാറുകാരില്‍ നിന്ന് നഷ്ടം ഈടാക്കി പണി റീ ടെന്‍ഡര്‍ ചെയ്യുമെന്ന് കാണിച്ച് ഡിസംബര്‍ 24ന് പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക് നോട്ടീസ് നല്‍കി. കരാറുകാരുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടാകാതെ വന്നതിനാലാണ് നടപടി.