അടൂര്‍: സ്വകാര്യ പ്രാക്ടീസ് നടത്തി രോഗി മരിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡോ.ജയന്‍ സ്റ്റീഫനെതിരെ ചികില്‍സ പിഴവില്‍ പരാതിയുമായി കുടുംബം. പെരിങ്ങനാട് പുത്തന്‍ചന്ത പോത്തടി ഗ്രേസ് വില്ലയില്‍ ലീലാമ്മ(62)യും കുടുംബവുമാണ് പരാതിയുമായി രംഗത്തുവന്നത്. ചികിത്സാ പിഴവ് മനസിലാക്കിയ അടൂരിലെ ഹോളിക്രോസ് ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ലെന്നും പരാതിയുണ്ട്. 2020 സെപ്റ്റംബര്‍ 11-നാണ് ലീലാമ്മ കീഹോള്‍ വഴി ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. ഡോ.ജയന്‍ സ്റ്റീഫന്‍ ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്. 12-ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ലീലാമ്മയുടെ ആരോഗ്യസ്ഥിതി വഷളായി. തുടര്‍ന്ന് ഹോളീക്രോസ് ആശുപത്രി അധികൃതര്‍ തന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു.
13-ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ നടന്ന പരിശോധനയില്‍ ഹോളിക്രോസില്‍ നടന്ന ശസ്ത്രക്രിയയില്‍ ലീലാമ്മയുടെ ചെറുകുടല്‍ മുറിഞ്ഞുവെന്നും ഇതിന്റെ ഫലമായി അണുബാധ ഉണ്ടായി. കരള്‍,മറ്റ് ആന്തരിക അവയവങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടായി. അടിയന്തിരമായി മറ്റൊരു ശസ്ത്രക്രീയ നടത്തണമെന്നും തിരുവല്ല ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായി ലീലാമ്മയുടെ ഭര്‍ത്താവ് ജെ.മാത്യു പറയുന്നു. തുടര്‍ന്ന് ഒരു ശസ്ത്രക്രീയ കൂടി നടത്തി. 40 ദിവസത്തെ ചികില്‍സയ്ക്ക് ശേഷമാണ് വിടുതല്‍ കിട്ടിയത്. ഈ ശസ്ത്രക്രിയക്കു മാത്രം 13.78,768 ലക്ഷം രൂപ ചിലവായതായി മാത്യു പറഞ്ഞു.തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സ നടക്കുമ്പോള്‍ തന്നെ ലീലാമ്മയുടെ ചികിത്സാ പിഴവിലെ അപാകത ചൂണ്ടിക്കാട്ടി മാത്യു അടൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഡോ.ജയന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ള ആശുപത്രി അധികൃതര്‍ സ്റ്റേഷനിലെത്തി നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു.
പക്ഷെ പിന്നീട് ഈ വാഗ്ദാനത്തില്‍ നിന്നും ഹോളീക്രോസ് ആശുപത്രി അധികൃതര്‍ മാറി. തുടര്‍ന്ന് നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഏഴ് ലക്ഷം നല്‍കാമെന്നു പറഞ്ഞെങ്കിലും അതും നല്‍കിയില്ല.പണം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയ മാത്യുവിനോടും കൂടെ ചെന്നവരോടും ആശുപത്രി അധികൃതര്‍ മോശമായി പെരുമാറിയതായും മാത്യു പറയുന്നു. എന്നാല്‍,വിദഗ്ധ ചികില്‍സയ്ക്ക് ഡീലക്‌സ് സൗകര്യങ്ങളാണ് ലീലാമ്മ പ്രയോജനപ്പെടുത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട ഭാരിച്ച ചിലവ് വഹിക്കാന്‍ കഴിയുമായിരുന്നില്ലെന്നുമാണ് ഹോളി ക്രോസ് ആശുപത്രി അധികൃതരുടെ പ്രതികരണം.