തിരുവനന്തപുരം: കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദത്തില്‍ ഇന്‍സ്റ്റുറ്റിയൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. അടൂര്‍ പറയുന്ന വാക്കുകള്‍ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ ഒരു പ്രവര്‍ത്തനം ആണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണമെന്ന് എം.എ.ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ ജീവിതചുറ്റുപാടുകള്‍ക്ക് നേരെ ക്യാമറ തിരിച്ചു വച്ച മഹാനായ കലാകാരനാണ് അദ്ദേഹം. അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്‌കാണെന്നും എം.എ.ബേബി പറഞ്ഞു.
എം.എ.ബേബിയുടെ കുറിപ്പ്:
കെ.ആര്‍.നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ കുറച്ചു വിദ്യാര്‍ഥികളും ചില തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചു വരികയാണ്. ദൃശ്യമാധ്യമങ്ങളില്‍ വിദ്യാഭ്യാസത്തിനും പഠനത്തിനും ഇന്ത്യക്കാകെയും സംഭാവന നല്‍കേണ്ടുന്ന ഒരു സ്ഥാപനമാണ് കെആര്‍എന്‍ഐവിഎസ്എ. പുണെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ യൂണിയന്‍ സര്‍ക്കാരിന്റെ വര്‍ഗീയ രാഷ്ട്രീയത്താല്‍ തകര്‍ക്കപ്പെടുന്ന കാലത്ത് ഈ സ്ഥാപനത്തിന്റെ നിലനില്‍പും വളര്‍ച്ചയും രാഷ്ട്രീയപ്രാധാന്യവും നേടുന്നു.