തിരുവനന്തപുരം: കോണ്‍ഗ്രസ് അഴിച്ചുപണിയില്‍ ഡിസിസി ഭാരവാഹികളായി വരുന്നവരില്‍ പകുതിപ്പേര്‍ പുതുമുഖങ്ങളും 50 വയസ്സില്‍ താഴെയുള്ളവരും ആവണമെന്ന് കെപിസിസി നിര്‍ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പ്രസിഡന്റുമാരെ ഭാരവാഹിത്വത്തില്‍ നിന്നു വിലക്കി. ഇവര്‍ക്ക് നിര്‍വാഹകസമിതി അംഗങ്ങളാകാന്‍ തടസ്സമില്ല.
സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍, എന്നിവയില്‍ സ്ഥിരം ജോലി ഉള്ളവരെയും ത്രിതലപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെയും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തും വിലക്കി. രണ്ടു വര്‍ഷത്തിനിടെ കെപിസിസി അച്ചടക്കനടപടി എടുത്തവരെ ഒരു തലത്തിലും പരിഗണിക്കില്ലെന്നും പുതുക്കിയ പുനഃസംഘടനാ മാര്‍ഗരേഖയില്‍ വ്യക്തമാക്കി..
ഒരു വര്‍ഷത്തിനുള്ളില്‍ നിയമിച്ച ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍ ഒഴികെ ആ പദവിയില്‍ ഇരിക്കുന്ന എല്ലാവരും മാറണം. സ്ഥാനമൊഴിയുന്ന ബ്ലോക്ക് പ്രസിഡന്റുമാരില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരെ ഡിസിസി ഭാരവാഹികളായി പരിഗണിക്കാം. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചാല്‍ ഉടന്‍തന്നെ ആ സ്ഥലങ്ങളില്‍ മറ്റു ഭാരവാഹികളെയും നിശ്ചയിക്കണം..
ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരെ സംബന്ധിച്ച ശുപാര്‍ശകള്‍ ജില്ലാ ഉപസമിതി കെപിസിസിക്കു കൈമാറണം. അതേസമയം മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാനുള്ള അധികാരം കെപിസിസിയുടെ അന്തിമ തീരുമാനത്തിനു വിധേയമായി ജില്ലാ സമിതികള്‍ക്കു കൈമാറി. തര്‍ക്കങ്ങള്‍ നിലനിന്നാല്‍ തീരുമാനം കെപിസിസിക്കു വിടണം. ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഒരു ജില്ലയില്‍ ഒരാളെങ്കിലും വനിത ആയിരിക്കണം. അസംബ്ലി നിയോജകമണ്ഡലത്തിനു കീഴിലുള്ള ഒരു മണ്ഡലം കമ്മിറ്റിയില്‍ എങ്കിലും വനിതാ പ്രസിഡന്റ് വേണം.