തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി ഇ ഡി വീണ്ടും വിളിച്ചുവരുത്തും. സി.എം രവീന്ദ്രനൊപ്പം സിഎമ്മും പെടുമോ എന്നാണ് ഇനി അറിയാനുള്ളത്.
സ്വപ്നയ്ക്ക് പാതിരാവില്‍ ശൃംഗാരം തുളുമ്പുന്ന സന്ദേശം രവീന്ദ്രന്‍ അയച്ചത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കോഴയിടപാടില്‍ പങ്കുള്ള ഉന്നതരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ഇ ഡി. രവീന്ദ്രനെ വീണ്ടും ചോദ്യംചെയ്യണമെന്ന് സ്വപ്ന സുരേഷും ആവശ്യപ്പെട്ടിരുന്നു. നേരത്തേ രണ്ടുവണ ഇ ഡി ഇദ്ദേഹത്തിന്റെ മൊഴിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുളള ശിവശങ്കറും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ വാട്സാപ്പ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ലൈഫ് ഇടപാടുകള്‍ സംബന്ധിച്ചാണ് പരാമര്‍ശം. ഇതിനാലാണ് ഇദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്താന്‍ ഇഡി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ടവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്ത് കോഴ വിവരങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുക്കുന്ന ഇ.ഡി, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്‍പ്പെടെ അന്വേഷണം വ്യാപിപ്പിക്കാന്‍ കരുനീക്കം മുറുക്കിയിരിക്കുകയാണ്. കോഴയിടപാടില്‍ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ പങ്കുണ്ടെന്ന നിലപാടിലാണ് ഇ.ഡി. ഇവരിലേക്ക് അന്വേഷണം എത്തിക്കാനുള്ള മൊഴികളാണ് തേടുന്നത്. ഇതിന്റെ ഭാഗമായി രവീന്ദ്രനെയും ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യംചെയ്തേക്കും. സമ്മര്‍ദ്ദം കൂടുതല്‍ കടുപ്പിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാനാവാതെ ശിവശങ്കര്‍ വായ് തുറക്കുമെന്നാണ് ഇ.ഡിയുടെ കണക്കുകൂട്ടല്‍. നിര്‍ണായക വിവരമെന്തെങ്കിലും കിട്ടിയാലുടന്‍ വമ്പന്മാരിലേക്ക് അന്വേഷണം തിരിയും.
ശിവശങ്കറില്‍ നിന്ന് കാര്യമായ വിവരങ്ങളോ മൊഴികളോ ലഭിക്കാതായതോടെയാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍, ലൈഫ്മിഷന്‍ മുന്‍ സി.ഇ.ഒ യു.വി. ജോസ് എന്നിവരെ വിളിച്ചുവരുത്തി ഒപ്പമിരുത്തി ചോദ്യംചെയ്തത്. ലൈഫ് ഫ്ളാറ്റ് നിര്‍മാണം സംബന്ധിച്ച ചര്‍ച്ചകളും നടപടികളും മുഴുവന്‍ ശിവശങ്കറിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണെന്നാണ് ജോസ് മൊഴി നല്‍കിയത്. കരാറുകാരനെ കണ്ടെത്തുന്നതിനും ശിവശങ്കറാണ് മുന്‍കൈയെടുത്തതെന്ന് ജോസ് തുറന്നു പറഞ്ഞു.കോഴ നല്‍കിയെന്ന് കരാറുകാരനായ യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍ ഇ.ഡിക്ക് നേരത്തെ മൊഴി നല്‍കിയിരുന്നു.