ജറുസലം: ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്ന് എംബസി നിര്‍ദേശം നല്കി. ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നല്‍കേണ്ടിവരും. ബിജു കുര്യന് ഇസ്രായേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നല്കി.
വീസ റദ്ദാക്കി ബിജു കുര്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടത്. വീസ കാലാവധി മേയില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ നാട്ടിലേക്ക് വന്നാല്‍ ഇസ്രായേല്‍ നിയമനടപടികള്‍ നേരിടേണ്ടി വരില്ല. വീസ് കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കില്‍ വലിയ അപകടമുണ്ടാക്കും. ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എംബസി പറയുന്നു.
ആധുനിക കൃഷിരീതി പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ കണ്ണൂര്‍ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരില്‍ ബിജുവിനെ ഫെബ്രുവരി 17ന് രാത്രിയിലാണു കാണാതായത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോക് ഉടന്‍തന്നെ ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കുകയും ഇസ്രായേല്‍ അധികൃതര്‍ തിരച്ചില്‍ തുടരുകയുമായിരുന്നു. ഇതിനിടെ താന്‍ ഇസ്രയേലില്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങള്‍ക്ക് വാട്സാപ്പില്‍ മെസേജ് അയച്ചു. ബിജുവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ബിജു ഒഴികെയുള്ള സംഘം 20ന് പുലര്‍ച്ചെ നെടുമ്പാശേരിയില്‍ മടങ്ങിയെത്തി. യാത്രയുടെ തുടക്കം മുതല്‍ ബിജു കുര്യന് സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നതായി ചില സഹയാത്രികര്‍ പറഞ്ഞു. ബിജു ആസൂത്രിതമായി മുങ്ങിയെന്നാണു കരുതുന്നതെന്നും ചില സഹയാത്രികര്‍ വ്യക്തമാക്കി.