ലണ്ടന്‍: ജയിലറകള്‍ ‘മണിയറ’യാക്കിയ 18 വനിതാ ജീവനക്കാരെ ബ്രിട്ടനില്‍ ജോലിയില്‍നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. തടവുകാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ 18 പേരെയാണ്, ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്‌സ്ഹാമിലെ എച്ച്എംപി ബെര്‍വിനില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. ഇതില്‍ മൂന്നു പേരെ ജയിലിലടച്ചതായും സംഭവം പുറത്തുകൊണ്ടുവന്ന ‘മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു. 2019 മുതല്‍ ഇതുവരെ ബ്രിട്ടനില്‍ 31 വനിതാ ജീവനക്കാരെയാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ ജോലിയില്‍നിന്ന് പുറത്താക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് എമിലി വാട്‌സന്‍ എന്ന ജീവനക്കാരിയെ ജയിലിലടച്ചത്. ഈ ജീവനക്കാരി ജോണ്‍ മക്ഗീ എന്ന തടവുകാരനൊപ്പം പതിവിലധികം സമയം ചെലവിട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ അന്വേഷണം നടത്തിയത്. ലഹരിക്കടത്തുകാരനായ ഇയാള്‍, അപകടകരമായ ഡ്രൈവിങ്ങിലൂടെ കൊലക്കുറ്റം ചെയ്തതിനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളുമായി ബന്ധം പുലര്‍ത്തിയ ജെന്നിഫറിനെ ഒരു വര്‍ഷത്തേക്കാണ് ജയിലില്‍ അടച്ചത്.
തടവറയിലെ കാമുകനായി മൊബൈല്‍ ഫോണ്‍ ഒളിച്ചുകടത്തിയതാണ് ജെന്നിഫര്‍ ഗാവന്‍ എന്ന ജീവനക്കാരിക്ക് വിനയായത്. ഈ ഫോണിലൂടെ ഇവര്‍ സദാസമയവും കാമുകനായ അലക്‌സ് കോക്‌സണുമായി സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. മാത്രമല്ല, ഇവര്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ തടവറയിലെ കാമുകന് അയച്ചു നല്‍കിയതായും തെളിഞ്ഞു. ഇതിനു പുറമെ ഇരുവരും തടവറയില്‍വച്ച് ചുംബിച്ചതായും വ്യക്തമായിട്ടുണ്ട്.
അതേസമയം, അപകടകാരിയായ തടവുകാരന്‍ ഖുറം റസാഖുമായി ബന്ധം പുലര്‍ത്തിയെന്ന് തെളിഞ്ഞതാണ് അയ്ഷിയ ഗണ്‍ എന്ന ജീവനക്കാരിക്ക് വിനയായത്. ഇയാളുമായി ഈ ജീവനക്കാരി ഫോണിലൂടെ സ്ഥിരമായി ലൈംഗിക സംഭാഷണങ്ങള്‍ നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. മാത്രമല്ല, തികച്ചും സ്വകാര്യമായ തന്റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ കാമുകനുവേണ്ടി മൊബൈല്‍ ഫോണ്‍ ജയിലിനുള്ളില്‍ എത്തിച്ചത്. ഇവര്‍ കാമുകനെ ചുംബിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വളരെയധികം ആധുനിക സൗകര്യങ്ങളുള്ള ഈ ജയില്‍, ഇതിനു മുന്‍പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. തീര്‍ത്തും മോശം പശ്ചാത്തലമുള്ള സ്ത്രീകളെ ജോലിക്കെടുക്കുന്നതിനാലാണ് ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന്, പ്രിസണ്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ അധ്യക്ഷന്‍ മാര്‍ക്ക് ഫെയര്‍ഹേസ്റ്റ് കുറ്റപ്പെടുത്തി.