ജാഗ്രതക്കുറവില്‍ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ദേവികുളം മണ്ഡലം

0 second read
0
0

തിരുവനന്തപുരം: സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ദേവികുളം മണ്ഡലം. എസ്.രാജേന്ദ്രന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള പൊട്ടലും ചീറ്റലുമായിരുന്നു മുമ്പെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് മറുപടി പറയാന്‍ ബാധ്യതയായത് എ.രാജയുടെ സ്ഥാനാര്‍ഥിത്വമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായോ എന്ന ചോദ്യമാണ് ഉയരുന്നവയില്‍ പ്രധാനം.

തണുത്തുറഞ്ഞ ദേവികുളം മണ്ഡലമാകെ എ.രാജക്ക് എംഎല്‍എ സ്ഥാനം നഷ്ടമായതാണ് പ്രധാന ചര്‍ച്ച. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പെട്ട രാജയെ പാര്‍ട്ടി മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് വേണ്ടത്ര പരിശോധനയില്ലാതെയാണോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ട നിലയിലാണ് സിപിഎം. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന ആരോപണം ഹൈക്കോടതി ശരിവയ്ക്കുന്നതോടെ പാര്‍ട്ടിക്കുണ്ടായ പ്രതിസന്ധി ചെറുതല്ല. എസ്.രാജേന്ദ്രന് സീറ്റ് നിഷേധിച്ച് സ്ഥാനാര്‍ഥിയായി അവരോധിച്ച എ.രാജയ്ക്കാണ് ഈ ഗതിയെന്നതും ശ്രദ്ധേയം.

സുപ്രീംകോടതിയില്‍ പോയി ഹൈക്കോടതി വിധിയെ നേരിടുമെന്ന് സിപിഎം നേതാക്കള്‍ പറയുമ്പോള്‍ അവിടെയും സമാന വിധി ആവര്‍ത്തിക്കപ്പെട്ടാല്‍ ദേവികുളം വീണ്ടും തിരഞ്ഞെടുപ്പ് അങ്കത്തിലേക്ക് പോകുമെന്നുറപ്പ്. അങ്ങനെയെങ്കില്‍ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സിപിഎം പാടുപെടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പുതുമുഖത്തെ തേടി അവസാനം എ.രാജയെന്ന പേരില്‍ ഓട്ടം അവസാനിച്ചത് തന്നെ വൈകിയാണെന്നത് അതിനുദാഹരണമാണ്.

അതേസമയം, കോണ്‍ഗ്രസിലും ഉപതിരഞ്ഞെടുപ്പ് ചര്‍ച്ച തലപൊക്കിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ഡി.കുമാര്‍ സ്ഥാനാര്‍ഥിത്വ മോഹം തള്ളിക്കളഞ്ഞിട്ടില്ല. ജില്ലയ്ക്കു പുറത്തുള്ള ചില യുവ നേതാക്കളും സീറ്റില്‍ കണ്ണുവച്ച് കുപ്പായം തുന്നിത്തുടങ്ങിയിട്ടുണ്ട്.

അതിനിടെ, ദേവികുളത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ ഇന്നു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണ് നിയമ നടപടികളിലേക്കു കടക്കുന്നത്. തന്റെ വാദം പൂര്‍ണമായും കേള്‍ക്കാതെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് എന്നാണ് രാജ ഉന്നയിക്കുന്നത്.

പട്ടികജാതിക്കാരനാണെന്ന് കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി 2009 ല്‍ മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ കൊടിക്കുന്നില്‍ സുരേഷിന്റെ ജയം ഹൈക്കോടതി റദ്ദാക്കുകയും പിന്നീട് നിയമപോരാട്ടത്തിലൂടെ കൊടിക്കുന്നില്‍ സുരേഷ് സുപ്രീം കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ചതും ചൂണ്ടിക്കാട്ടാനാണ് നീക്കം. ഹൈക്കോടതി വിധി സ്വാഗതം ചെയ്തും വ്യാജരേഖ ചമച്ച് അനര്‍ഹനെ സ്ഥാനാര്‍ഥിയാക്കി പട്ടികജാതിക്കാരെ വഞ്ചിച്ച സിപിഎം മാപ്പ് പറയണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടുക്കിയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും നടന്നു

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…