കൊല്ലം: മൂര്‍ഖന്റെ ഒറ്റക്കടിയില്‍ ഉത്ര മരിക്കണം- സൂരജിന്റെ ലക്ഷ്യം അതായിരുന്നു. അണലിയെക്കൊണ്ട് കൊലപ്പെടുത്താനുള്ള ആദ്യ ശ്രമം പാളിയതോടെ ഉഗ്രവിഷമുള്ള മൂര്‍ഖനെത്തേടി പാമ്പുപിടിത്തക്കാരന്‍ ചാവരുകാവ് സുരേഷിനെയാണു സൂരജ് സമീപിച്ചത്. മുട്ടയിട്ട് അടയിരിക്കുന്ന ശൗര്യമേറിയ മൂര്‍ഖനെ സുരേഷ് സൂരജിനു നല്‍കി. കൂടുതല്‍ ശൗര്യമേകാന്‍ മൂര്‍ഖനെ സൂരജ് ഒരാഴ്ച പട്ടിണിക്കിട്ടു.
പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകത്തിന്റെ വിവരങ്ങള്‍ തേടി സൂരജ് കംപ്യൂട്ടറിനു മുന്നില്‍ ഉറക്കമൊഴിച്ചു. യു ട്യൂബ് വിഡിയോകള്‍ കണ്ടു. പാമ്പുകളെക്കുറിച്ചുള്ള ഒരു സൈറ്റില്‍ നിന്നു സുരേഷിന്റെ ഫോണ്‍ നമ്പര്‍ കിട്ടിയ സൂരജ് 2020 ഫെബ്രുവരി 12 നു സുരേഷിനെ വിളിച്ചു. അടൂര്‍ പറക്കോടുള്ള വീട്ടിലേക്കു പാമ്പുകളെ സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസിനു ക്ഷണിച്ചു.
വീട്ടില്‍ മീന്‍ വളര്‍ത്തല്‍ കേന്ദ്രം ഉണ്ടെന്നും പാമ്പുകളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്നുവെന്നുമായിരുന്നു ന്യായം. ഒപ്പം ഉഗ്രവിഷമുള്ള അണലിയെ ആവശ്യപ്പെട്ടു. അങ്ങനെ 5000 രൂപയ്ക്ക് അണലിയെ സുരേഷ് വീട്ടിലെത്തി കൈമാറി.
പാമ്പിന്റെ രീതികള്‍ മനസ്സിലാക്കിയ സൂരജ് ഫെബ്രുവരി 29ന് ആദ്യ ശ്രമം നടത്തി. സ്റ്റെയര്‍കേസിലെ ഒന്നാം നിലയിലെ ലാന്‍ഡിങ് സ്ഥലത്ത് അണലിയെ തുറന്നു വിട്ടു. സമീപത്ത് മൊബൈല്‍ ഫോണ്‍ വച്ച ശേഷം താഴേക്കു വന്നു.
ഫോണ്‍ മറന്നു പോയെന്നും എടുത്തു കൊണ്ടു വരണമെന്നും ഉത്രയോട് ആവശ്യപ്പെട്ടു. ഫോണെടുക്കാന്‍ പോയ ഉത്ര പാമ്പിനെക്കണ്ടു ഭയന്നോടി. സൂരജ് അണലിയെ ചാക്കിലാക്കി ഒളിപ്പിച്ചു.
മാര്‍ച്ച് രണ്ടിനു രണ്ടാമത്തെ ശ്രമം. ഉറങ്ങാനുള്ള ഗുളിക പഴച്ചാറില്‍ ചേര്‍ത്ത് ഉത്രയെ കുടിപ്പിച്ചു. ഉറങ്ങിപ്പോയ ഉത്രയുടെ ദേഹത്തേക്ക് അണലിയെ തുറന്നുവിട്ടു. പെട്ടെന്നു കടിക്കാന്‍, വടി കൊണ്ട് അണലിയെ അടിച്ചു. കടിയേറ്റ വിവരം പിന്നീടാണ് ഉത്ര അറിയുന്നത്. ഇതിനിടെ അണലിയെ സൂരജ് വടികൊണ്ടെടുത്ത് പുറത്തേക്ക് എറിഞ്ഞു.56 ദിവസം ചികിത്സയില്‍ കഴിഞ്ഞ ഉത്ര അതിനുശേഷം അഞ്ചലിലെ സ്വന്തം വീട്ടില്‍ വിശ്രമത്തിനെത്തി.
ആദ്യ 2 കൊലപാതക ശ്രമങ്ങളും പൊളിഞ്ഞതോടെയാണ് സൂരജ് അടുത്ത പദ്ധതിയിട്ടത്. സുരേഷിനോട് 5000 രൂപയ്ക്ക് വാങ്ങിയ മൂര്‍ഖനെ രാത്രി ഉത്രയുടെ ദേഹത്തേക്കു തുറന്നു വിടുകയായിരുന്നു.
ഇടതു കൈത്തണ്ടയില്‍ കടിപ്പിച്ച ശേഷം ഒന്നുമറിയാത്തതു പോലെ നേരം പുലരുന്നതുവരെ ഉത്രയോടൊപ്പം അതേ മുറിയില്‍ കഴിഞ്ഞു. പിന്നീട് ഉത്രയുടെ അമ്മയാണു യുവതി ബോധരഹിതയായി കിടക്കുന്നതു കണ്ടത്.