കൊച്ചി: അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടാന്‍ ഹൈക്കോടതി നിര്‍ദേശം. വിദഗ്ധസമിതി റിപ്പോര്‍ട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ തീരുമാനം എടുക്കാമെന്നും ആനയെ പിടികൂടിയിട്ട് എന്തുചെയ്യാനെന്നും ഡിവിഷന് ബെഞ്ച് ചോദിച്ചു.അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു.
കൊടുംവനത്തില്‍ ആളുകളെ പാര്‍പ്പിച്ചതാണ് പ്രശ്നത്തിന് കാരണം. വിഷയത്തില്‍ വിദ്ഗധസമിതിയെ നിയമിക്കാം. രേഖകള്‍ അവര്‍ക്കു നല്‍കൂ. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ തുടരട്ടേയെന്നും കോടതി നിര്‍ദേശിച്ചു.പ്രദേശത്ത് ജാഗ്രത തുടരണമെന്നും കോടതി അറിയിച്ചു.
അരിക്കൊമ്പന്മൂലം ജനങ്ങള്‍ ഭീതിയിലാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് ഹൈക്കോടതിയെ അറിയിച്ചു. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ആനയെ പിടിക്കുമായിരുന്നു. കേസുകൊടുത്തവരും ജഡ്ജിയും അവിടെ വന്നുതാമസിക്കാനാണ് ജനങ്ങള്‍ പറയുന്നതെന്നും മന്ത്രി കോടതിയില്‍ പറഞ്ഞു.