ശബരിമല മേല്‍ശാന്തിമാരെ ഗോവിന്ദനും നിരഞ്ജനും നറുക്കെടുക്കും: 17 ന് നറുക്കെടുപ്പ്

0 second read
0
0

പന്തളം: അടുത്ത ഒരു വര്‍ഷത്തെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നതിനുള്ള നിയോഗം പന്തളം കൊട്ടാരത്തിലെ ഗോവിന്ദ് വര്‍മ, നിരഞ്ജന്‍ ആര്‍. വര്‍ എന്നിവര്‍ക്ക്. ഇവരുടെ തെരഞ്ഞെടുപ്പിനു വലിയ തമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ്മ രാജ അംഗീകാരം നല്‍കി.

തുലാമാസം ഒന്നായ 17നാണു നറുക്കെടുപ്പ്. ഗോവിന്ദ് ശബരിമല മേല്‍ശാന്തിയെയും നിരഞ്ജന്‍ മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും. വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി നാളെ ഇരുവരും ശബരിമലയ്ക്കു യാത്ര തിരിക്കും. തിരുവാഭരണ മാളികയ്ക്കു മുമ്പില്‍ വച്ചു കെട്ടു നിറച്ചു വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉച്ചയ്ക്ക് ഒരു മണിയോടെ പുറപ്പെടും. കുട്ടികളുടെ രക്ഷിതാക്കള്‍ക്കൊപ്പം പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രതിനിധികളും അനുഗമിക്കും.

മുന്‍ രാജപ്രതിനിധി പന്തളം മുണ്ടയ്ക്കല്‍ കൊട്ടാരത്തില്‍ കെ. കേരളവര്‍മ്മയുടെ കൊച്ചുമകനാണ് ഗോവിന്ദ്. ഇന്ത്യന്‍ നേവി ക്യാപ്റ്റന്‍ രാംരാജ് വര്‍മ്മയുടെയും കൊച്ചി രാജകുടുംബാംഗം ലക്ഷ്മി വര്‍മ്മയുടെയും മകനാണ്. ഡല്‍ഹി നേവല്‍ സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. പന്തളം കൊച്ചു കൊട്ടാരത്തില്‍ പരേതനായ കെ.സി. രാമവര്‍മ്മയുടെ ചെറുമകന്‍ കിളിമാനൂര്‍ കൊട്ടാരത്തിലെ രാജേഷ് കെ. വര്‍മ്മയുടെയും കടപ്ര മണിപ്പറമ്പില്‍ കോയിക്കല്‍ നിഷ ആര്‍. വര്‍മ്മയുടെയും മകനാണ് നിരഞ്ജന്‍. വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

2011ലെ സുപ്രീം കോടതി ഉത്തരവനുസരിച്ചു ജസ്റ്റിസ് കെ.ടി. തോമസിന്റെ മീഡിയേഷന്‍ റിപ്പോര്‍ട്ടിന്‍ പ്രകാരമാണ് പന്തളം കൊട്ടാരത്തിലെ കുട്ടികള്‍ മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നത്. ശബരിമല മേല്‍ശാന്തിയെ ആണ്‍കുട്ടിയും മാളികപ്പുറം മേല്‍ശാന്തിയെ പെണ്‍കുട്ടിയുമാണു തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ കോവിഡ് മാനദണ്ഡം നിലവില്‍ വന്നതോടെയാണു കഴിഞ്ഞ വര്‍ഷം മുതല്‍ 10 വയസിനു മുകളിലുള്ള ആണ്‍കുട്ടികള്‍ മാത്രം മേല്‍ശാന്തി നറുക്കെടുപ്പിനായി മല കയറുന്നത്.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…