അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെയും ഗൈനെക്കോളജി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗൈനെക്കോളജിസ്റ്റു കളുടെയും പ്രസവ ചികിത്സകരുടെയും നാഷണല്‍ കോണ്‍ഫറന്‍സ് ‘ഫീറ്റോലൈഫ് 2023’ അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടലില്‍ നടന്നു. പ്രമുഖ ഗൈനെക്കോളജിസ്റ്റും കേരള ഫെഡറേഷന് ഓഫ് ഗൈനെക്കോളജിസ്റ് ആന്‍ഡ് ഒബ്സ്റ്റട്രിഷ്യന്‍ സംസ്ഥാന പ്രെസിഡന്റുമായ ഡോ അശ്വത്കുമാര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.
വന്ധ്യത, വന്ധ്യതാ നിവാരണത്തിനുള്ള ലാപ്പറോസ്കോപ്പി, അപകട സാധ്യതയുള്ള ഗര്‍ഭധാരണം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയുള്ള വിഷയങ്ങളില്‍ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്തു. ആ മേഖലകളിലെ നൂതന ചികിത്സകളേപ്പറ്റി ഡോക്ടര്‍മാരെ ബോധവത്കരിക്കേണ്ട ആവശ്യകത കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടി.
ഗര്‍ഭധാരണം വൈകുന്നത് മൂലം അനവധി പ്രശ്നങ്ങള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്നുണ്ട് എന്ന് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വന്ധ്യതയിലേക്കു അത് നീങ്ങിയേക്കാം. വന്ധ്യതാ നിവാരണ ചികിത്സ ഇന്നും ചിലവേറിയതാണ്. സ്ത്രീകള്‍ക്ക് ഏറ്റവും അഭികാമ്യമായിട്ടുള്ളത് 20 വയസ്സിനും 30 വയസ്സിനും ഇടയ്ക്കു ഗര്‍ഭം ധരിക്കുക എന്നതാണ്. 30 വയസ്സിലേറെയായാല് അണ്ഡോത്പാദന നിരക്ക് വലിയ അളവില്‍ കുറയാന്‍ ഇടയായേക്കാം. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യ നില കണ്ടുപിടിക്കാനും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ഗര്‍ഭാവസ്ഥയില്‍ തന്നെ പരിഹരിക്കുവാനും ഇന്ന് എല്ലാ ആധുനീക സൗകര്യവുമുള്ളതിനാല്‍ അത് വിനയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ആരോഗ്യമുള്ള കുഞ്ഞു ജനിക്കുവാന്‍ ഇത് ഇട നല്‍കും എന്നും കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.