കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാടിറങ്ങിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടങ്ങി. അരിക്കൊമ്പന്‍ കമ്പത്തെ സുരുളി വെള്ളച്ചാട്ടത്തിന് സമീപമുണ്ട്. മയക്കുവെടിവയ്ക്കാനുള്ള സംഘവും സ്ഥലത്തുണ്ട്. കമ്പത്ത് ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. മൂന്ന് കുങ്കിയാനകളെ കമ്പം നടരാജ മണ്ഡപത്തിനു സമീപം എത്തിച്ചു.
ഇന്നലെ രാത്രി അരിക്കൊമ്പന്‍ കഴിഞ്ഞത് സുരുളിപ്പെട്ടി ഭാഗത്താണ്. കൃഷിയിടങ്ങളിലെ ഗേറ്റുകളും വേലികളും തകര്‍ത്ത് വെള്ളച്ചാട്ടം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ അരിക്കൊമ്പനെ കണ്ടതായി വിനോദസഞ്ചാരികള്‍ പറഞ്ഞു. മയക്കുവെടിവച്ച് പിടികൂടുന്ന അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിലെ വരശനാടിനടുത്തു വെള്ളിമലയിലേക്കാകും മാറ്റുക.
മുന്‍പ് ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പന്‍ 28 ദിവസത്തിനു ശേഷമാണു ഇന്നലെ വീണ്ടും ജനവാസമേഖലയിലിറങ്ങിയത്. ഇന്നലെ കമ്പം ടൗണില്‍, തുമ്പിക്കൈ കൊണ്ടു തട്ടിയതിനെത്തുടര്‍ന്ന് ഒരാള്‍ക്കും ഭയന്നോടുമ്പോള്‍ വീണ 2 പേര്‍ക്കും പരുക്കേറ്റിരുന്നു.