കടമെടുപ്പ് പരിധിയുടെ വിശദമായ കണക്ക് കേന്ദ്രം നല്‍കിയില്ല; കെ.എന്‍.ബാലഗോപാല്‍

2 second read
0
0

തിരുവനന്തപുരം: കടമെടുപ്പ് പരിധിയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് മറുപടിയുമായി സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കടമെടുപ്പ് പരിധിയുടെ വിശദമായ കണക്ക് കേന്ദ്രം നല്‍കിയിട്ടില്ല. ജനങ്ങളെ കബളിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് കേന്ദ്രമന്ത്രി നടത്തുന്നതെന്നും ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ ആരോപിച്ചു.

എന്‍.ബാലഗോപാലിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:

സംസ്ഥാന സര്‍ക്കാരിന്റെ കടമെടുക്കുന്നതിനുള്ള പരിധിയില്‍ യാതൊരു കുറവും വരുത്തിയിട്ടില്ലന്നും അനാവശ്യമായി പണം ചെലവഴിക്കാന്‍ കേന്ദ്രം അനുവദിക്കാത്തതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നമെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ക്കണ്ടു. അദ്ദേഹം ഒരു കണക്കും ഒപ്പം വിതരണം ചെയ്തതായി അറിയുന്നു.

അടിസ്ഥാനരഹിതമായ ചില കണക്കുകള്‍ തയാറാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് മുരളീധരന്‍ ശ്രമിക്കുന്നത്. ഈ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

സാധാരണഗതിയില്‍ കൃത്യമായ കണക്കുകള്‍ സഹിതമാണ് കടമെടുപ്പ് പരിധി സംബന്ധിച്ച അറിയിപ്പുകള്‍ കേന്ദ്രം നല്‍കാറുള്ളത്. ഇത്തവണ വിശദമായ കണക്കുകള്‍ നല്‍കിയിട്ടില്ല. 32,000 കോടി രൂപയാണ് സര്‍ക്കാരിന്റെ അംഗീകൃത കടപരിധി എന്ന ഒരു കത്ത് വന്നതിനു ശേഷം ഈ വര്‍ഷം ആകെ 15,390 കോടിയാണ് അനുവദിച്ചിട്ടുള്ളതെന്നും, ഏപ്രില്‍ മാസം അനുവദിച്ച 2000 കോടി കഴിച്ച് ഇനി 13390 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയൂ എന്നും മാത്രമാണ് കേന്ദ്രത്തിന്റെ മേയ് 26ലെ കത്തില്‍ ഉണ്ടായിരുന്നത്.

ഈ പശ്ചാത്തലത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കണക്കുമായി കേന്ദ്ര സഹമന്ത്രി തന്നെ രംഗത്തുവന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട കണക്കുകള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു നല്‍കാതെ, ഇപ്പോള്‍ കേന്ദ്ര സഹമന്ത്രിക്ക് രഹസ്യമായി അയച്ചുകൊടുക്കുന്നു എന്നാണോ കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കേണ്ടത്. സംസ്ഥാനത്തിന്റെ കടപരിധിയെക്കുറിച്ചും എടുക്കാന്‍ കഴിയുന്ന കടത്തെക്കുറിച്ചും വ്യക്തമായ ബോധ്യം സംസ്ഥാന സര്‍ക്കാറിനുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ചും വ്യക്തമായ കണക്കുകള്‍ ഇവിടെയുണ്ട്.

കേന്ദ്ര സര്‍ക്കാരിനും ആ കണക്കുകള്‍ അറിയാം. എന്നിരിക്കിലും ആരെങ്കിലും തെറ്റിദ്ധരിക്കുമെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതിയാകണം അദ്ദേഹം ഇത്തരം വിതണ്ഡ വാദങ്ങളുമായി രംഗത്തു വരുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഭരണഘടനാപരമായ ഉത്തരവാദിത്തവും കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്റെ ആശയങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കേണ്ട ഒരു കേന്ദ്രമന്ത്രി, തന്റെ പദവിയില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വത്തിന്റെ ഗൗരവം മനസ്സിലാക്കാതെ, അങ്ങേയറ്റം നിലവാരം കുറഞ്ഞ തരത്തിലുള്ള രാഷ്ട്രീയ പ്രചരണങ്ങള്‍ക്കു തയാറാകുന്നത് കേരളം തിരിച്ചറിയുക തന്നെ ചെയ്യും.

കേന്ദ്രവും കേരളവും തമ്മിലുള്ള സാമ്പത്തിക ബന്ധത്തില്‍ ഉണ്ടായിട്ടുള്ള തെറ്റായ തീരുമാനങ്ങള്‍ തിരുത്തണം എന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കേരളത്തിന്റെയും കേരളത്തിന്റെ ജനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാരിന് ലഭിക്കേണ്ട നികുതി വരുമാനവും മറ്റു വരുമാനങ്ങളും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തലല്ല ഇതേ സംസ്ഥാനക്കാരനായ ഒരു കേന്ദ്ര സഹമന്ത്രിയുടെ ഉത്തരവാദിത്തം എന്ന് തിരിച്ചറിയാന്‍ ഇനിയെങ്കിലും വി മുരളീധരന്‍ തയാറാകണം.

 

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…