ഭിക്ഷാടകന്റെ പണച്ചാക്കില്‍ 2.15 ലക്ഷം: കട്ടെടുത്ത സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

0 second read
0
0

കരുനാഗപ്പള്ളി: മുപ്പതു വര്‍ഷമായി ഭിക്ഷയെടുത്തു ജീവിക്കുന്ന വയോധികന്റെ പണച്ചാക്ക് മോഷ്ടിച്ച കേസില്‍ ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. പണം നഷ്ടമായ വിഷമത്തില്‍ ശാരീരികമായി അവശനായ ഭിക്ഷാടകന്‍ വൃദ്ധസദനത്തില്‍. കരുനാഗപ്പളളി മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷാടനം നടത്തുന്ന ചിറയന്‍കീഴ് സ്വദേശി സുകുമാരന്റെ (75) സമ്പാദ്യം മോഷ്ടിച്ച കേസില്‍ സോളാര്‍ ജൂവലറി ജീവനക്കാരന്‍ തെക്കുംഭാഗം താഴേത്തൊടിയില്‍ മണിലാലിനെ(55)യാണ് എസ്എച്ച്ഓ ബിജു അറസ്റ്റ് ചെയ്തത്. വൃദ്ധന്റെ പണച്ചാക്കില്‍ ഉപയോഗ യോഗ്യമായ നോട്ടുകള്‍ എണ്ണിയപ്പോള്‍ 2.15 ലക്ഷം രൂപയുണ്ടായിരുന്നു. കുറേ നോട്ടുകള്‍ ദ്രവിച്ച് പോയതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല.

30 വര്‍ഷമായി ക്ഷേത്രനടയില്‍ ഭിക്ഷയെടുക്കുന്ന സുകുമാരന്‍ തനിക്ക് കിട്ടുന്ന പണം മുഴുവന്‍ ചില്ലറ മാറ്റി നോട്ടാക്കി പ്ലാസ്റ്റിക് കവറിലിട്ട് ചാക്കു കൊണ്ട് മൂടി അത് തലയിണയ്ക്ക് അടിയില്‍ വച്ചാണ് കിടന്നുറങ്ങിയിരുന്നത്. ഇയാളുടെ കൈവശമുള്ള ചില്ലറകള്‍ ലോട്ടറിക്കച്ചവടക്കാര്‍ വന്ന് വാങ്ങും. 500, 100 രൂപകള്‍ക്കുള്ള ചില്ലറകളാണ് സുകുമാരന്‍ കൊടുത്തിരുന്നത്. ഇങ്ങനെ കിട്ടുന്ന 500, 100 രൂപ നോട്ടുകള്‍ സ്വരൂപിച്ച് കവറിലാക്കി ചാക്കു കൊണ്ട് കെട്ടി അതില്‍ തല വച്ച് സമീപത്തെ കടത്തിണ്ണയിലായിരുന്നു സുകുമാരന്റെ ഉറക്കം.

ഏപ്രില്‍ 26 ന് പുലര്‍ച്ചെയാണ് സുകുമാരന്റെ പണച്ചാക്ക് നഷ്ടമായത്. നാലു മണിക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പോയ സുകുമാരന്‍ ശാരീരിക അവശതകള്‍ കാരണം രാവിലെ ആറിനാണ് തിരിച്ചു വന്നത്. ഈ സമയം പണം അടങ്ങിയ ചാക്ക് ആരോ അറുത്ത് കൊണ്ടുപോയതായി മനസിലാക്കി.

750000 രൂപയോളം ഉണ്ടെന്ന് പറഞ്ഞ് വിലപിച്ച സുകുമാരന്‍ പണം പോയതിന്റെ വിഷമത്തില്‍ മാനസികമായും ശാരീരികമായും തകര്‍ന്നു. കിടക്കുന്ന സ്ഥലത്ത് തന്നെ മലമൂത്ര വിസര്‍ജനം നടത്തി. നാട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തു. ജനമൈത്രി പോലീസ് ഇയാളെ കുളിപ്പിച്ച് വൃത്തിയാക്കി മാവേലിക്കരയിലുളള വൃദ്ധ സദനത്തിലേക്ക് മാറ്റി. നാട്ടുകാര്‍ കൊടുത്ത പരാതി പ്രകാരം കരുനാഗപ്പളളി എസ്എച്ച്ഓ ബിജുവിന്റെ നേതൃത്ത്വത്തില്‍ എസ് ഐമാരായ ഷമീര്‍, ഷാജിമോന്‍, എസ് സിപിഓ രാജീവ്, സിപിഓ ഹാഷിം എന്നിവര്‍ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കംഫര്‍ട്ട് സ്റ്റേഷന്‍ ജീവനക്കാരനെ സംശയിച്ചു ചോദ്യം ചെയ്തെങ്കിലും കൃത്യം നടത്തിയത് അയാളല്ലെന്ന് വ്യക്തമായി. മഹാദേവര്‍ ക്ഷേത്രത്തിന് അടുത്തുളള കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഷൂ ഇട്ട മുഖം പൂര്‍ണമായി കാണാന്‍ പറ്റാത്ത ഒരാള്‍ വയോധികന്റെ അടുത്തു ചെന്ന് ശുശ്രൂഷിക്കുന്നത് കാണപ്പെട്ടു. ദൃശ്യങ്ങളില്‍ നിന്ന് ഇതൊരു സെക്യൂരിറ്റി ജീവനക്കാരനാനെന്ന് മനസിലായി. സംശയം തോന്നി സോളാര്‍ ജ്യുവലറിയിലെ സെക്യൂരിറ്റി മണിലാലിനെയും തൊട്ടടുത്ത കടയിലെ സെക്യൂരിറ്റി പ്രഭാകരന്‍ പിളളയെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പല പ്രാവശ്യം ചോദ്യം ചെയ്തു. ഇവര്‍ കുറ്റം നിഷേധിച്ചു.

തുടര്‍ന്ന് പല ദിശകളിലായുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കൃത്യം നടന്ന ഏപ്രില്‍ 26 ന് പുലര്‍ച്ചെ അഞ്ചിന് പ്രഭാകരപിളള എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ഡ്യൂട്ടി കഴിഞ്ഞ് മോട്ടോര്‍ സൈക്കിളില്‍ പോകുന്നത് കണ്ടു. എന്നാല്‍ മണിലാല്‍ അന്നേ ദിവസം പുലര്‍ച്ചെ അഞ്ചിനും 5.30 നും ഇടയ്ക്ക് ഭിക്ഷാടകന്‍ കിടക്കുന്ന സ്ഥലത്ത് ചെല്ലുന്നതും ചാക്ക് കെട്ട് അറുത്തുമാറ്റി കൊണ്ടു പോകുന്നതും കണ്ടു. തുടര്‍ന്ന് ഇന്ന് മണിലാലിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തു. ആദ്യമൊക്കെ നിഷേധിച്ച ഇയാള്‍ സിസി ടിവി ദൃശ്യങ്ങള്‍ കാണിച്ച് ചോദിച്ചപ്പോള്‍ കുറ്റം ഏറ്റു പറഞ്ഞു. ചാക്ക് കെട്ടിലെ പണം അതുപോലെ എടുത്ത് വീട്ടുകാര്‍ അറിയാതെ തെക്കുംഭാഗത്തുളള താഴെതൊടിയില്‍ വീടിന് പുറത്തുളള ചരിപ്പില്‍ കൊണ്ടു വച്ചതായി മണിലാല്‍ മൊഴി നല്‍കി.

സുകുമാരന്‍ മാവേലിക്കരയിലെ വൃദ്ധ സദനത്തില്‍ നിന്നും എത്തിച്ച് പണം തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് തീരെ സുഖമില്ലാത്തതിനാല്‍ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി സെക്രട്ടറിയായ മുരളിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതി മണിലാലുമായി പ്രതിയുടെ വീടായ തെക്കുംഭാഗം താഴെതൊടിയില്‍ എത്തി പണമടങ്ങിയ ചാക്ക്കെട്ട് കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷനില്‍ എത്തിച്ച് എണ്ണിയപ്പോള്‍ 215000 രൂപയുണ്ടെന്ന് വ്യക്തമായി. കുറച്ചു നോട്ടുകള്‍ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചുപോയിരുന്നു.

ഭിക്ഷാടകനായ സുകുമാരന് തന്റെ കൈയിലുള്ള സമ്പാദ്യം എത്രയെന്ന് തിട്ടമില്ലായിരുന്നു. പോലീസ് കൊണ്ടു വന്ന് എണ്ണി പണം ഇത്രയുമുണ്ടെന്ന് പറഞ്ഞപ്പോള്‍ സുകുമാരന് പോലും അവിശ്വനീയമായി തോന്നി.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…