തിരുവനന്തപുരം: മറുനാടന്‍ മലയാളി ചാനലിനെ പൂട്ടിക്കുമെന്ന് ശപഥമെടുത്തു സംസ്ഥാന ഭരണത്തിലെ ഉന്നതരും എംഎല്‍എമാരും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ അതിന്റെ പരകോടിയില്‍. മറുനാടന്‍ എഡിറ്റര്‍ ഷാജന് സ്കറിയയുടെ പേരില്‍ എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി മറുനാടന്‍ മലയാളി ഓഫീസുകളിലും ജീവനക്കാരുടെ വസതികളിലും പൊലീസ് റെയ്ഡു നടത്തി. മറുനാടന്റെ തിരുവനന്തപുരം പട്ടത്തെ ഓഫീസിലും പൊലീസ് സംഘമെത്തി റെയ്ഡ് നടത്തി.
പട്ടത്തുള്ള ഓഫീസിലെ മുഴുവന്‍ കമ്ബ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. 29 കമ്ബ്യൂട്ടറുകള്‍, ക്യാമറകള്‍, ലാപ്ടോപ്, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് പൊലീസ് സംഘം പിടിച്ചെടുത്തത്. രാവിലെ 11 മണിക്കെത്തിയ പൊലീസ് സംഘം രാത്രി 12 ണിയോടെയാണ് റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങിയത്. ജീവനക്കാരുടെയും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. സംസ്ഥാനത്ത് പലയിടത്തും മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് ഇന്നലെ പരിശോധന നടത്തി. പുലര്‍ച്ചെയാണ് ജീനവനക്കാരുടെ വസതികളില്‍ പൊലീസ് സംഘം എത്തിയത്. ഷാജന് സ്കറിയയെ തേടിയാണ് ഇവരെല്ലാം എത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരാഴ്ച്ച മുമ്ബ് പട്ടത്തെ ഓഫീസില്‍ പൊലീസ് എത്തുകയും പരിശോധനകള്‍ നടത്തുകയും നാല് ഹാര്‍ഡ് ഡിസ്ക്കുകള്‍ പിടിച്ചെടുത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്നലെ ഷാജന് സ്കറിയയെ കണ്ടെത്താന്‍ എന്ന പേരില്‍ മറുനാടന്‍ ജീവനക്കാരുടെ വസതികളില്‍ പൊലീസ് റെയ്ഡ് നടത്തുകയും കമ്ബ്യൂട്ടറുകള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തത്. ഷാജന് സ്കറിയയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പരിശോധനകള്‍ നടത്തിയിട്ടുണ്ട്. പി വി ശ്രീനിജന് എംഎല്‍എയുമായി ബന്ധപ്പെട്ട് ഷാജന് സ്കറിയ ചെയ്ത ഒരു വീഡിയോയുടെ പേരിലാണ് എളമക്കര പൊലീസ് കേസെടുത്തത്. ഈ കേസിന്റെ ആധാരമാക്കിയാണ് ഇപ്പോള്‍ മറുനാടന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന വിധത്തില്‍ പൊലീസ് നടപടികള്‍ ഉണ്ടായിരിക്കുന്നത്. എസ്സി- എസ്ടി പീഡന നിരോധന നിയമം അനുസരിച്ചാണ് സംഭവത്തില്‍ കേസെടുത്തത്. കേസില്‍ ഷാജന് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്.
താമസിയാതെ തന്നെ ഹര്‍ജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ത്ഥ് ലൂത്രയാണ് സുപ്രീംകോടതിയില്‍ മറുനാടന്‍ എഡിറ്റര്‍ക്കായി ഹാജരാകുന്നത്. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറയാണ് ലൂത്ര. ഭരണഘടനാ കേസുകളിലും ക്രിമിനല്‍ നിയമത്തിലും വിദഗ്ധനാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് വേണ്ടി ഹാജരായത് ലൂത്രയായിരുന്നു. തെരഞ്ഞെടുപ്പു കേസുകളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അംഗീകരിക്കപ്പെട്ട നിയമ വിദഗ്ധനാണ് ലൂത്ര. ലൂത്രയുടെ അച്ഛന് കെകെ ലൂത്രയും സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. കേന്ദ്രത്തിനും വിവിധസംസ്ഥാന സര്‍ക്കാരുകള്‍ക്കുമായും നിരവധി കേസുകളില്‍ ലൂത്ര ഹാജരായിട്ടുണ്ട്.