തിരുവനന്തപുരം: അപകീര്‍ത്തിക്കേസില്‍ മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തി തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു.
29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്ഥാപനത്തില്‍ പ്രവേശിക്കരുത് എന്നും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാത്രി 12 മണിയോടെ ആയിരുന്നു നടപടി. ജീവനക്കാരുടെ ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തിരുന്നു. ഷാജന് സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ് അറിയിച്ചു.
പിവി ശ്രീനിജന് എം എല്‍ എയ്ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടന്‍ മലയാളി ചാനല്‍ മേധാവി ഷാജന് സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതില്‍ ഷാജന് സ്കറിയ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.
രാഷ്ടീയ പ്രേരിതമായ കേസാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയില്‍ ഹര്‍ജിക്കാരന്റെ പ്രധാന വാദം. എന്നാല്‍ പ്രോസിക്യൂഷന് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് വി. ജി അരുണ്‍ ഹര്‍ജി തളളിയത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
അതേ സമയം, പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ അപലപിക്കുന്നുവെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപന ഉടമ ഷാജന് സ്കറിയക്കെതിരെയുളള കേസിന്റെ പേരില്‍ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അടക്കമുളള മാധ്യമ പ്രവര്‍ത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈല്‍ അടക്കം പൊലീസ് പിടിച്ചെടുത്തു. കേരളത്തില്‍ കേട്ടുകേഴ്വി ഇല്ലാത്ത നടപടിയാണിതെന്ന് കെയുഡബ്ല്യുജെ പറഞ്ഞു.