മഴ നിറച്ച പമ്പയില്‍ ആറന്മുള പാര്‍ഥസാരഥിക്ക് മുന്നില്‍ ഇന്ന് ജലമേള: പത്തടിയോളം ജലനിരപ്പുയര്‍ന്ന നെട്ടായം കരക്കാര്‍ക്ക് ലഹരി പകരും

2 second read
0
0

കോഴഞ്ചേരി: പുണ്യ നദി പമ്പയ്ക്ക് പുളകമേകി ഭക്തിയും കലയും കായികബലവും ഒന്നു ചേരുന്ന ആറന്മുള ഉതൃട്ടാതി ജല പൂരം ഇന്ന് നടക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. നദിയിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ മത്സരം നടക്കുമോ എന്ന ആശങ്ക സംഘാടകരിലും കരക്കാരിലുമുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ മൂഴിയാര്‍ സായിപ്പന്‍കുഴിയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കനത്ത മഴവെളളപ്പാച്ചിലുണ്ടായി. മൂഴിയാര്‍ ഡാമില്‍ നിന്ന് അധികജലം മൂന്നു ഷട്ടര്‍ 30 സെ.മീറ്റര്‍ വീതം ഉയര്‍ത്തി കക്കാട്ടാറ്റിലേക്ക് ഒഴുക്കി.

തൊട്ടടുത്ത സ്വകാര്യ ഡാമായ അള്ളുങ്കല്‍ കാരികയം അവരുടെ ഗേറ്റ് അഞ്ചു സെന്റിമീറ്റര്‍ ഉയര്‍ത്തിയതോടെ മണിയാര്‍ ഡാമിലേക്ക കുത്തൊഴുക്കായി. ഇന്ന് നടക്കുന്ന വള്ളം കളിക്ക് വെള്ളമെത്തിക്കാന്‍ വേണ്ടി മണിയാര്‍ ഡാം അടച്ചിട്ടിരിക്കുകയായിരുന്നു. മലവെള്ളം കുത്തിപ്പാഞ്ഞ് എത്തിയതോടെ ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തിയതോടെ ആറന്മുള വള്ളംകളിക്ക് ജലസമൃദ്ധി ഉറപ്പായി.

ജലോത്സവം ടൂറിസം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ജലഘോഷ യാത്ര ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യും. ഇന്ന് രാവിലെ 9.30ന് ആറന്മുള ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി കൊണ്ടു വരുന്ന ഭദ്രദീപം കൊളുത്തിയ ശേഷം കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ പതാക ഉയര്‍ത്തും. സോപാന സംഗീതത്തോടെ ജലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ് രാജന്‍ മൂലവീട്ടില്‍ ആധ്യക്ഷത വഹിക്കും. മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ദീപ പ്രോജ്വലനം നടത്തും. പാഞ്ചജന്യം സുവനീര്‍ പ്രകാശനം കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.

പള്ളിയോട സേവാ സംഘത്തിന്റെ രാമപുരത്തു വാര്യര്‍ പുരസ്‌കാരം മാളികപ്പുറം സിനിമയുടെ സംവിധായകന്‍ അഭിലാഷ് പിള്ളക്ക് നല്‍കും. പള്ളിയോട ശില്പി സന്തോഷ് ആചാരിയെ ആന്റോ ആന്റണി എം.പിയും വഞ്ചിപ്പാട്ട് ആചാര്യന്‍ ശിവന്‍കുട്ടിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരനും ആദരിക്കും. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജാശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. വിജയികള്‍ക്കുള്ള സമ്മാനദാനം എന്‍.എസ്.എസ് ട്രഷറര്‍ എന്‍. അയ്യപ്പന്‍ പിള്ള നിര്‍വഹിക്കും. ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍, മാളികപ്പുറം ഫെയിം ദേവനന്ദ എന്നിവര്‍ പങ്കെടുക്കും
2017 നു ശേഷമുള്ള മത്സരവള്ളംകളി കരനാഥന്‍മാരുടെയും ക്യാപ്റ്റന്‍മാരുടെയും കൂട്ടായ തീരുമാന പ്രകാരം കര്‍ശന നിബന്ധനകളോടെയാണ് നടപ്പിലാക്കുന്നത്.

ട്രോഫികള്‍

നായര്‍ സര്‍വീസ് സൊസൈറ്റി ഏര്‍പ്പെടുത്തിയ മന്നം ട്രോഫി ഒന്നാം സ്ഥാനത്തെത്തുന്ന എ, ബി ബാച്ച് പള്ളിയോടങ്ങള്‍ക്ക് സമ്മാനിക്കും. എസ്.എന്‍.ഡി.പി യോഗം ഏര്‍പ്പെടുത്തിയ ആര്‍.ശങ്കര്‍ സുവര്‍ണ ട്രോഫി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ട്രോഫി, ജില്ലാ പഞ്ചായത്ത് ട്രോഫി, ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി, തോഷിബ ആനന്ദ് ട്രോഫി, നര്‍മദ ട്രോഫി, കൃഷ്ണന്‍ ആചാരി- അര്‍ജുനന്‍ ആചാരി സ്മാരക ട്രോഫി, പി.കെ ബാലകൃഷ്ണന്‍ സ്മാരക ട്രോഫി, റോട്ടറി, ഗോവിന്ദപ്പിള്ള സ്മാരക ട്രോഫി, സെന്‍ട്രല്‍ ബാങ്ക് ട്രോഫി, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ട്രോഫി, ആറന്മുള പൊന്നമ്മ സ്മൃതി ട്രോഫി, താമരവേലില്‍ വേലായുധന്‍ പിള്ള ട്രോഫി, ചങ്ങംകരി തങ്കപ്പനാചാരി സ്മാരക ട്രോഫി, വെണ്‍പാല പത്മകുമാര്‍
സ്മാരക ട്രോഫി എന്നിവ ഉള്‍പ്പെടെ 26 ട്രോഫികളാണ് വിവിധ വിജയികള്‍ക്ക്
നല്‍കുന്നത്. എ ബാച്ചിലും ബി ബാച്ചിലും ചമയത്തിന് രണ്ടും മൂന്നും
സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കും ട്രോഫികള്‍ ലഭിക്കും. ചെമ്പകശേരി കുടുംബത്തിന്റെ 1350 ഗ്രാം വെള്ളിയില്‍ തീര്‍ത്ത ട്രോഫിയും പള്ളിയോട സേവാസംഘം നിര്‍വാഹക സമിതി അംഗവും കീക്കൊഴൂര്‍ പള്ളിയോട പ്രതിനിധിയുമായിരുന്ന വിനോദിന്റെ
സ്മാരണയ്ക്കുള്ള വിനോദ് കുമാര്‍ സ്മാരക ട്രോഫിയും പൂവത്തൂര്‍ കിഴക്ക് പള്ളിയോടത്തിന്റെ ക്യാപ്ടനായിരുന്ന അനീഷ് പി. അരവിന്ദിന്റെ പേരിലുള്ള ട്രോഫിയും വിവിധ ഇനങ്ങളിലെ വിജയികള്‍ക്ക് സമ്മാനിക്കും.

രാമപുരത്ത് വാര്യര്‍ പുരസ്‌കാരം.

പള്ളിയോട സേവാ സംഘം നല്‍കുന്ന രാമപുരത്തു വാര്യര്‍ പുരസ്‌കാരം മാളികപ്പുറം സിനിമയുടെ സംവിധായകന്‍ അഭിലാഷ് പിള്ളയ്ക്കാണ് ഇത്തവണ സമ്മാനിക്കുന്നത്. പ്രമോദ് നാരായണന്‍ എം.എല്‍.എ പുരസ്‌കാരം സമ്മാനിക്കും. 2000-ാമാണ്ടിലാണ് പള്ളിയോട സേവാസംഘം രാമപുരത്ത് വാര്യര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഡോ. പുതുശേരി രാമചന്ദ്രന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ഓ.എന്‍.വി കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, കാവാലം ശ്രീകുമാര്‍, കവി എസ്.രമേശന്‍ നായര്‍ എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് നേടിയര്‍. ഇടക്കാലത്ത് നിലച്ചുപോയ അവാര്‍ഡ് ഏതാനും വര്‍ഷം മുമ്പാണ് പുനഃസ്ഥാപിച്ചത്. സാംസ്‌കാരിക രംഗത്തും സാഹിത്യരംഗത്തുമുള്ള ഉന്നത പ്രതിഭകളെ ആദരിക്കുന്നതിനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

മത്സര രീതി.

ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ വേഗത്തില്‍ തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങളെയാകും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കുക. പരമ്പരാഗത ശൈലിയില്‍ തെയ് തെയ്…. തെയ്തോം …താളത്തില്‍ തുഴഞ്ഞാണ് മത്സരിക്കേണ്ടത്. എ,ബി ബാച്ചുകളിലായി 49 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്നത്. എ ബാച്ചിന്റെ ഹീറ്റ്സ്, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും ബി ബാച്ചിന്റെ ഹീറ്റ്സ്, ഫൈനല്‍ മത്സരങ്ങളുമാണ് നടക്കുന്നത്.

നിബന്ധനകള്‍

കര്‍ശനമായ നിബന്ധനകളോടെയാണ് ഇത്തവണത്തെ ജലോത്സവം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ആറന്മുളയുടെ തനിമയും പൈതൃകവും പൂര്‍ണമായും സംരക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. ആറന്മുള കരകളിലെ തുഴച്ചില്‍കാര്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. പുറമെ നിന്നുള്ള തുഴച്ചില്‍ക്കാരെ പൂര്‍ണമായും ഒഴിവാക്കി പള്ളിയോടത്തില്‍ കയറുന്ന മുഴുവന്‍ പേരുടെയും ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ പള്ളിയോട സേവാസംഘം ഓഫീസില്‍ നേരത്തെ ശേഖരിച്ചിട്ടുണ്ട്. പള്ളിയോട സേവാ സംഘത്തിന്റെ നിയമാവലിക്കും റേസ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കും വിധേയമായി ജലോത്സവത്തില്‍ പങ്കെടുത്തു കൊള്ളാമെന്ന് പള്ളിയോട പ്രതിനിധികളും, പ്രസിഡന്റ്, സെക്രട്ടറി, ക്യാപ്റ്റന്‍ എന്നിവരുടെ സമ്മതപത്രവും വാങ്ങിയിരുന്നു. പള്ളിയോട സേവാ സംഘത്തിന്റെ
തീരുമാനത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പള്ളിയോടങ്ങളെ അപ്പോള്‍ തന്നെ അയോഗ്യരായി പ്രഖ്യാപിച്ച് ജലോത്സവത്തില്‍ നിന്നും ഒഴിവാക്കും.
കൂട്ടുപള്ളിയോടങ്ങളെ ചൂണ്ടുക, മാര്‍ഗതടസം സൃഷ്ടിക്കുക, ആക്രമിക്കുക
തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന പള്ളിയോടങ്ങളുടെ ക്യാപ്റ്റന്‍, അമരക്കാര്‍ എന്നിവരുടെ പേരില്‍ ക്രിമിനല്‍ കുറ്റത്തിന് നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്യും. മത്സരവള്ളംകളി പൂര്‍ണമായും വീഡിയോ റെക്കോര്‍ഡ് ചെയ്യും.

ജലോത്സവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്ര ഉച്ചക്ക് ഒന്നിന് ആരംഭിക്കും. അതിനാല്‍ 12.30ന് മുന്‍പായി എല്ലാ പള്ളിയോടങ്ങളും ജലഘോഷയാത്രയ്ക്ക് തയാറായി സത്രം പവലിയന് താഴെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എത്തിച്ചേരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. താമസിച്ചെത്തുന്ന പള്ളിയോടങ്ങളെ ജലഘോഷയാത്രയില്‍ നിന്നും തുടര്‍ന്നുള്ള മത്സരത്തില്‍ നിന്നും ഒഴിവാക്കും. ജലഘോഷയാത്രയില്‍ ഏറ്റവും മുന്നിലായി തിരുവോണത്തോണിയും അതിനു പിന്നിലായി എ ബാച്ച് പള്ളിയോടങ്ങളും തുടര്‍ന്ന് ബി ബാച്ച് പള്ളിയോടങ്ങളും പങ്കെടുക്കും. ജലഘോഷയാത്രയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ സത്രക്കടവില്‍ നിന്നും പരപ്പുഴക്കടവില്‍ വരെ ‘ശ്രീപത്മനാഭ മുകുന്ദാ മുരാന്തക…’എന്ന വെച്ചു പാട്ടിന്റെ താളത്തിലാണ് തുഴയേണ്ടത്.

ക്രമീകരണങ്ങളുമായി പോലീസ്

കോഴഞ്ചേരി: ജലമേളയുടെ നടത്തിപ്പിനായി പോലീസും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി വി.അജിത്തിന്റെ നേതൃത്വത്തില്‍ അഡിഷണല്‍ എസ്.പി, എട്ടു ഡിവൈ.എസ്.പിമാര്‍, 21 ഇന്‍സ്പെക്ടര്‍മാര്‍, 137 എസ്.ഐമാര്‍, എ.എസ്.ഐമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 619 പോലീസ് ഉദ്യോഗസ്ഥരെയാണ് ജലമേളയുടെ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്. ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ ഒമ്പതു ഡിവിഷനുകളായി തിരിച്ചാണ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്.

പാര്‍ക്കിങ് സംവിധാനം

ജലമേളയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന പൊതുജനങ്ങള്‍ക്കും വിശിഷ്ടാതിഥികള്‍ക്കുംസുഗമമായി വള്ളംകളി കണ്ട് മടങ്ങുന്നതിനു വേണ്ട
ക്രമീകരണങ്ങള്‍ പോലീസ് നടത്തിയിട്ടുണ്ട്. ജലോത്സവത്തിന്റെ പരപ്പുഴ സ്റ്റാര്‍ട്ടിങ് പോയിന്റിലേക്കും സത്രക്കടവിലുള്ള ഫിനിഷിങ് പോയിന്റ് പവലിയനിലേക്കുമുള്ള റോഡുകളിലെ ഗതാഗത തടസം ഒഴിവാക്കുന്നതിലേക്കായി തെക്കേമല മുതല്‍ അയ്യന്‍കോയിക്കല്‍ ജങ്ഷന്‍ വരെയും, ഐക്കര ജങ്ഷന്‍ മുതല്‍ കോഴിപ്പാലം ജങ്ഷന്‍ വരെയും ഓള്‍ഡ് പോലീസ് സ്റ്റേഷന്‍ മുതല്‍ കിഴക്കേ നട – വഞ്ചിതറ റോഡിലും ഇരുവശങ്ങളിലുള്ള പാര്‍ക്കിങ് അനുവദിക്കില്ല. വള്ളംകളി കാണാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പൊന്നുംതോട്ടം ടെമ്പിള്‍ ഗ്രൗണ്ട്, പരമൂട്ടില്‍ പടി പ്രയര്‍ ഹാള്‍ ഗ്രൗണ്ട്, ആറന്മുള ഗവ:സ്‌കൂള്‍ ഗ്രൗണ്ട്, വിജയാനന്ദ വിദ്യാലയ ഗ്രൗണ്ട്, ആറന്മുള എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ട്, എസ്.വി.ജി.എച്ച്.എസ് നാല്‍ക്കാലിക്കല്‍ സ്‌കൂള്‍ ഗ്രൗണ്ട്, മാര്‍ത്തോമാ സ്‌കൂള്‍ ഗ്രൗണ്ട്, സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ട്, പോലീസ് ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാഹന ഗതാഗത നിയന്ത്രണം

സത്രക്കടവിന് മുന്‍വശം ചെങ്ങന്നൂര്‍ റോഡില്‍ തിരക്ക് ഒഴിവാക്കുന്നതിന് ചെങ്ങന്നൂര്‍ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ഐക്കര മുക്കില്‍ നിന്നും കിടങ്ങന്നൂര്‍ – കുറിച്ചിമുട്ടം – മാലക്കര വഴി തിരിച്ചു വിടും. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ കോഴിപ്പാലത്തു നിന്നും തിരിഞ്ഞ് കുറിച്ചിമുട്ടം – കിടങ്ങന്നൂര്‍ വഴി ഐക്കര മുക്കില്‍ എത്തി തെക്കേമല ഭാഗത്തേക്ക് പോകണം. റോഡ് ഗതാഗതത്തിന് തടസം ഉണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യും.

കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടി

മോഷണം, മാല പൊട്ടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിലേക്കായി മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സി.സി ടി.വി കാമറ വഴിയുള്ള നിരീക്ഷണത്തിന് കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കും. പമ്പാ നദിയിലെ പരപ്പുഴ കടവ് മുതല്‍ സത്രക്കടവ് വരെയുള്ള നെട്ടായത്തില്‍ പോലിസ് ബോട്ട് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വള്ളംകളിക്ക് തടസം ഉണ്ടാക്കുന്ന രീതിയില്‍ ട്രാക്കില്‍ കടക്കുന്ന മറ്റു വള്ളങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്‍സ്പെക്ടര്‍ സി.കെ
മനോജ് അറിയിച്ചു.

സുരക്ഷാ ക്രമീകരണങ്ങളുമായി ഫയര്‍ ഫോഴ്സ്

പത്തനംതിട്ട:വള്ളം കളിക്ക് പൂര്‍ണമായ സുരക്ഷ ക്രമീകരണം ചെയ്തതായി ജില്ലാ ഫയര്‍ ഓഫീസര്‍ ബി.എം. പ്രതാപചന്ദ്രന്‍ അറിയിച്ചു. ജില്ലാ ഫയര്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ അഞ്ച് ്റ്റേഷന്‍ ഓഫിസര്‍, നാല് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍, 30 ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍, 60 സിവില്‍ ഡിഫന്‍സ് കോര്‍പ്സ് സേനാംഗങ്ങള്‍, 20 ആപ്ത മിത്ര സേനാംഗങ്ങള്‍, പ്രാഥമിക ചികിത്സ സംവിധാനങ്ങളോട് കൂടിയ ആംബുലന്‍സ്, റബ്ബര്‍ ഡിങ്കികള്‍ , സ്പീഡ് ബോട്ട്, എം.ടി.യു വെഹിക്കിള്‍, ആധുനിക അണ്ടര്‍ വാട്ടര്‍ കമ്യുണിക്കേഷന്‍ സിസ്റ്റം ഉള്‍പ്പെടെ എട്ട് മുങ്ങല്‍ വിദഗ്ദര്‍ അടങ്ങുന്ന സ്‌കൂബ ടീം എന്നിവ സുരക്ഷക്കായി തയാറാക്കിയതായും ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…