ന്യൂഡല്‍ഹി: പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശം സംരക്ഷിക്കപ്പെടുന്ന റിപ്പോര്‍ട്ടിങ് ഉറപ്പാക്കുംവിധമാണു പൊലീസ് മാധ്യമങ്ങള്‍ക്കു വിവരം നല്‍കേണ്ടതെന്നു സുപ്രീം കോടതി ആഭ്യന്തര മന്ത്രാലയത്തോടു നിര്‍ദേശിച്ചു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടിങ്ങിനു വിവരം കൈമാറുന്നതില്‍ പൊലീസിനു പ്രത്യേക മാന്വല്‍ തയാറാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോടു നിര്‍ദേശിച്ചുകൊണ്ടാണു പരാമര്‍ശം. പത്ര-ദൃശ്യ-സമൂഹമാധ്യമങ്ങള്‍ക്കു മാന്വല്‍ ബാധകമാകും. മാധ്യമങ്ങള്‍ക്ക് അന്വേഷണത്തിന്റെ വിവരങ്ങള്‍ നല്‍കുമ്പോള്‍ അതു മാധ്യമ വിചാരണയ്ക്കു കാരണമാകരുതെന്നും കോടതി പറഞ്ഞു.
പൊലീസ് മാധ്യമങ്ങള്‍ക്കു നല്‍കുന്ന വിവരങ്ങള്‍ ഊഹാപോഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിങ്ങിനു കാരണമാകുന്നുവെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് മാധ്യമങ്ങളെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം 2010 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയിരുന്നു. ദൃശ്യമാധ്യമങ്ങളുടെ കാലത്തു റിപ്പോര്‍ട്ടിങ് രീതിയില്‍ കാര്യമായ മാറ്റം വന്നതിനാല്‍ മാര്‍ഗനിര്‍ദേശം പുതുക്കേണ്ടതുണ്ടെന്നാണു സുപ്രീം കോടതി ഉത്തരവിട്ടത്. റിപ്പോര്‍ട്ടിങ്ങില്‍ നിന്നു മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും വിവരങ്ങള്‍ കൈമാറുന്ന പൊലീസിന്റെ കാര്യത്തില്‍ നിയന്ത്രണം ആകാമെന്നും കേസില്‍ കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറി ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു. ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ക്രൈം റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായ ഊഹാപോഹങ്ങള്‍ വാര്‍ത്തകളായി വരുന്നുണ്ടെന്നു ചീഫ് ജസ്റ്റിസും പരാമര്‍ശം നടത്തി.
മാധ്യമങ്ങളെ വിവരങ്ങള്‍ അറിയിക്കാന്‍ നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കണം. നിര്‍ദേശങ്ങള്‍ കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവിമാരോടു നിര്‍ദേശിച്ച കോടതി, 3 മാസത്തിനകം മാന്വലിനു രൂപം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങളും സ്വീകരിക്കും.