പത്തനംതിട്ട: ചൈനയില്‍ നിന്ന് അനധികൃതമായി പണം സ്വീകരിച്ചുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് ജീവനക്കാരിയുടെ കൊടുമണിലെ വീട്ടില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തി. മൊബൈല്‍ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു. ന്യൂസ് ക്ലിക്കില്‍ വീഡിയോഗ്രാഫറായ അനുഷയുടെ കൊടുമണ്‍ ഐക്കാട്ടുള്ള അമ്മയുടെ വീട്ടില്‍ ഇന്ന് വൈകിട്ടാണ് ഡല്‍ഹി പൊലീസ് സംഘം പരിശോധനയ്ക്ക് വന്നത്.
ജില്ലാ പൊലീസ് മേധാവിയെയും കൊടുമണ്‍ പൊലീസിനെയും അറിയിച്ച ശേഷമാണ് ഇന്‍സ്പെക്ടര്‍ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ വന്നത്. അനുഷ വര്‍ഷങ്ങളായി ഡല്‍ഹിയില്‍ താമസിക്കുന്നയാളാണ്. ജനിച്ചതും വളര്‍ന്നതും ജോലി ചെയ്യുന്നതും അവിടെയാണ്. മാതാപിതാക്കളും വര്‍ഷങ്ങളായി അവിടെ ജോലിക്കാരായിരുന്നു. ഒരാഴ്ച മുമ്പാണ് അമ്മ വീട്ടിലെത്തിയത്.
റെയ്ഡിന്റെ വിശദാംശങ്ങള്‍ പങ്കു വയ്ക്കാന്‍ ഡല്‍ഹി പൊലീസ് തയാറായിട്ടില്ല. വീട്ടിലെത്തി അനുഷയുടെ മൊഴി എടുത്ത ശേഷം ലാപ്ടോപ്പും മൊബൈല്‍ ഫോണും കസ്റ്റഡിയില്‍ എടുത്ത് മടങ്ങുകയായിരുന്നു.