ജറുസലം: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ, ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധവും ഏതു നിമിഷവും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദൗത്യം ഏതു നിമിഷവും തുടങ്ങുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഗാസയിലെ വൈദ്യുതി നിലയം ഉടന്‍ അടയ്ക്കും. ഹമാസിന്റെ മുഴുവന്‍ നേതാക്കളെയും വകവരുത്തുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പു നല്‍കി. കാലാള്‍പ്പട, പീരങ്കി സേന എന്നിവയ്ക്കു പുറമേ, 3,00,000 റിസര്‍വ് സൈനികരെയും ഗാസ അതിര്‍ത്തിക്കു സമീപത്തേക്ക് അയച്ചിട്ടുണ്ട്.
ഈ യുദ്ധത്തിന്റെ അവസാനത്തില്‍, ഇസ്രായേലി പൗരന്മാരെ കൊല്ലാനോ ഭീഷണിപ്പെടുത്താനോ കഴിയുന്ന ഒരു സൈനിക ശേഷിയും ഹമാസിന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യമെന്ന് ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു. സിറിയയില്‍നിന്ന് ഇസ്രയേലിലേക്കു റോക്കറ്റുകള്‍ തൊടുത്തുവിട്ടുവെന്നും എന്നാല്‍ ആരാണ് ഇതിനു പിന്നിലെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലെബനനില്‍നിന്ന് ഹിസ്ബുല്ല മിസൈലുകള്‍ തൊടുത്തുവിട്ടു. എന്നാല്‍ ഇസ്രയേല്‍ തിരിച്ചടിച്ചു. പോരാട്ടം ശക്തമാകും. ഗാസയില്‍നിന്നുള്ള രംഗങ്ങള്‍ വരും ദിവസങ്ങളില്‍ ‘മനസ്സിലാക്കാനും അഭിമുഖീകരിക്കാനും’ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.