തിരുവനന്തപുരം:ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 875 പേരെ ക്യാംപുകളില്‍ മാറ്റിപാര്‍പ്പിച്ചു. 6 വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു.പ്രഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.
തിരുവനന്തപുരം താലൂക്കിലാണ് കൂടുതല്‍ ക്യാംപുകള്‍ തുറന്നത്. 16 ക്യാംപുകളിലായി 580 പേരാണുള്ളത്. ചിറയിന്‍കീഴ് താലൂക്കില്‍ നാല് ക്യാംപുകളിലായി 249 പേരും വര്‍ക്കല താലൂക്കില്‍ ഒരു ക്യാംപില്‍ 46 പേരെയും മാറ്റിപാര്‍പ്പിച്ചു.തിരുവനന്തപുരം താലൂക്കിലെ കടകംപള്ളി വില്ലേജില്‍ മൂന്ന് ക്യാംപുകളാണുള്ളത്. വെട്ടുകാട് സെന്റ് മേരീസ് എല്‍പിഎസ് , കരിക്കകം ഗവ. എച്ച്എസ്, വേളി യൂത്ത് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 36 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
പട്ടം വില്ലേജില്‍ കേദാരം ലൈന്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ 56 പേരും തേക്കുംമൂട് താല്‍ക്കാലിക ക്യാംപില്‍ 260 പേരും, കുന്നുകുഴി ഗവ. എല്‍പിഎസില്‍ 26 പേരെയും മാറ്റി പാര്‍പ്പിച്ചു. മേക്കേപ്പട്ടം ഗവ. എല്‍പിഎസിലും ക്യാംപ് തുറന്നെങ്കിലും ആളുകള്‍ എത്തിയിട്ടില്ല. ആറ്റിപ്ര വില്ലേജില്‍ കാട്ടില്‍ എല്‍പിഎസില്‍ 10 പേരെയും പൗണ്ട്കടവ് മോസ്‌കില്‍ 38 പേരെയും മാറ്റി പാര്‍പ്പിച്ചു. കല്ലിയൂര്‍ വില്ലേജില്‍ പൂങ്കുളം സ്‌കൂളില്‍ 18 കുടുംബങ്ങളിലെ 40 പേരും വെള്ളായണി എംഎന്‍എല്‍പിഎസില്‍ 40 പേരും ക്യാംപിലുണ്ട്.