മാവേലിക്കര: മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ‘സാന്ത്വനപ്രഭ പുരസ്‌കാരം’വിഖ്യാത അതിവേഗ ചിത്രകാരനുംഎക്കോ -ഫിലോസഫറുമാമായ ജിതേഷ്ജിക്ക് സമ്മാനിക്കും.
പതിനയ്യായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.’വരയരങ്ങ്’ എന്ന തനതുകലാരൂപത്തിന്റെ ആവിഷ്‌കരണത്തിലൂടെയും പ്രചരണത്തിലൂടെയും പുതിയതലമുറയില്‍ പൊതുബോധവും ജീവിതമൂല്യങ്ങളുംസാമൂഹ്യ അവബോധവും പകരുന്ന ജിതേഷ്ജിയുടെ സാംസ്‌കാരിക – പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ 20 മില്യനിലേറെ പ്രേക്ഷകരെ നേടിയ ആദ്യ മലയാളിയെന്ന നിലയിലും ഏഴ് ഏക്കറിലേറെ സ്ഥലത്ത് സ്വാഭാവികവനം വെച്ചുപിടിപ്പിച്ചു സംരക്ഷിച്ചുവരുന്ന പരിസ്ഥിതിപ്രവര്‍ത്തകനെന്ന നിലയിലും ‘മണ്ണ് മര്യാദ’, ജലസാക്ഷരത, സഹജീവിസ്‌നേഹം എന്നിവ പ്രചരിപ്പിക്കുന്ന ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം സ്ഥാപകന്‍ എന്ന നിലയിലും ഏറെ ശ്രദ്ധേയനാണ് അന്താരാഷ്ട്രഖ്യാതി നേടിയ ഈ അതിവേഗചിത്രകാരന്‍.
20 ലേറെ രാജ്യങ്ങള്‍ സഞ്ചരിച്ച് സചിത്രപ്രഭാഷണം നടത്തിയിട്ടുമുണ്ട്.
വിഖ്യാത മജീഷ്യന്‍ സാമ്രാജ് ചെയര്‍മാനായുള്ള ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.
പുരസ്‌കാര സമര്‍പ്പണ സമ്മേളനം 2023 ഡിസംബര്‍ മാസം ഒമ്പതാം തീയതി ശനിയാഴ്ച നാലുമണിക്ക് മാവേലിക്കര പുന്നമൂട് അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരിസ് ഹാളില്‍ വച്ച് നടക്കും.മലങ്കര കാത്തൊലിക്ക മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാതിയോസ് തിരുമേനി, കേരളശ്രീപുരസ്‌കാര ജേതാവ് ഡോ: പുനലൂര്‍ സോമരാജന്‍, മജീഷ്യന്‍ സാമ്രാജ് എന്നിവര്‍ ചേര്‍ന്ന് ജിതേഷ്ജിയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. പുരസ്‌കാരജേതാവിന് മാവേലിക്കര പൗരാവലിയുടെ സ്വീകരണവും നല്‍കും.സാംസ്‌കാരിക സമ്മേളനത്തില്‍ സാന്ത്വനം പ്രസിഡന്റ് അഡ്വ. കെ സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. രാമചന്ദ്രന്‍ മുല്ലശ്ശേരി സ്വാഗതം ആശംസിക്കും.