പത്തനംതിട്ട: പതിനായിരം രൂപയില്‍ താഴെ മാത്രം വില വരുന്ന ബാംബൂ കര്ട്ടന് ഇട്ട ശേഷം തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി 14,000 രൂപ നേരിട്ടും 85,000 രൂപ ബ്ലാങ്ക് ചെക്ക് വാങ്ങിയും കൈവശപ്പെടുത്തിയെന്ന പരാതിയില്‍ മൂന്നംഗ സംഘത്തെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം തഴവ വെട്ടുവിളശ്ശേരിയില്‍ ഹാഷിം(46), ശൂരനാട് നോര്‍ത്ത് അന്‍സു മന്‍സില്‍ തെക്കേമുറി അന്‍സില്‍ (29), ശൂരനാട് സൗത്ത് കടമ്പാട്ട് വിള തെക്കേതില്‍ റിയാസ്(25)എന്നിവരാണ് അറസ്റ്റിലായത്. വയോധികര്‍ തനിച്ച് താമസിക്കുന്ന വീട്ടിലെത്തി കര്ട്ടന് ഇട്ടശേഷം അവരെ കബളിപ്പിച്ച് അമിതമായി പണം വാങ്ങുന്നത് ഇവരുടെ പതിവാണെന്ന് പറയുന്നു. എര്‍ട്ടിഗ വാഹനത്തില്‍ പ്രതികള്‍ മൂന്നു പേരും കൂടി വിവിധ ഭാഗങ്ങളില്‍ കര്ട്ടന് വില്‍പ്പനയ്ക്കായി കറങ്ങി നടന്ന് പ്രായമായ ആള്ക്കാര് മാത്രം താമസിക്കുന്ന വീടുകള്‍ കണ്ടെത്തുകയാണ് ആദ്യ പടി. തുടര്‍ന്നാണ് തട്ടിപ്പിനുള്ള ഒരുക്കം തുടങ്ങുന്നത്.
കഴിഞ്ഞ 30 ന് ഉച്ചക്ക് ഒരു മണിയോടു കൂടി ആറന്മുളയില് പ്രായമായ സ്ത്രീയുടെ വീട്ടില്‍ ഇവര്‍ എത്തുകയും സ്ക്വയര്‍ ഫീറ്റിന് 200 രൂപ നിരക്കില്‍ ബാംബൂ കര്ട്ടന് ഇട്ടു നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ കര്ട്ടന് ഇട്ട ശേഷം 45,000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്ത്രീ തന്റെ കൈവശമുണ്ടായിരുന്ന 14,000 രൂപ നല്കി. ബാക്കി തുകയ്ക്കായി രണ്ട് എഴുതാത്ത ചെക്കുകള്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി വാങ്ങി.
അതിലൊന്ന് അന്നു തന്നെ ബാങ്കില്‍ ഹാജരാക്കി 85,000 രൂപ പിന്‍വലിച്ച് എടുത്തു. 10000 രൂപയില്‍ താഴെ വിലയുള്ള കര്ട്ടന് വേണ്ടിയാണ് സംഘം ഒരുലക്ഷത്തോളം രൂപ തട്ടിയെടുത്തതെന്ന് പൊലീസിന് അന്വേഷണത്തില്‍ ബോധ്യമായി. ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തില്‍ പലഭാഗത്തും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ
മേല്‍നോട്ടത്തില്‍ ആറന്മുള പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി കെ മനോജ്, എസ്.ഐ.അലോഷ്യസ്, എസ്.ഐ.ജയന്, എസ്.ഐ.നുജൂം, എസ്.ഐ.ഹരീന്ദ്രന്‍, എ.എസ്.ഐ വിനോദ്, സലിം, സെയ്ഫുദ്ദീന്‍, കിരണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.