ശബരിമല: അയ്യപ്പ ഭക്തരുടെ തിരക്കിന് നേരിയ ശമനം. പമ്പയിലേക്ക് തീര്‍ഥാടകപ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണ്. നിലയ്ക്കലിലും സ്ഥിതി സാധാരണനിലയിലേക്ക് എത്തിത്തുടങ്ങി. ഗതാഗതക്കുരുക്കിനും ശമനമായതോടെ ബസ് സര്‍വീസും സാധാരണ നിലയിലേക്ക് എത്തി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും തിരിച്ചും കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.
ചൊവ്വാഴ്ച 88,000 ഭക്തരാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്. പതിനെട്ടാം പടിയിലൂടെ മണിക്കൂറില്‍ 4000നു മുകളില്‍ ആളുകളെ കയറ്റാന്‍ തുടങ്ങിയതോടെയാണ് ദര്‍ശനം പൂര്‍ത്തിയാക്കിയവരുടെ എണ്ണം ഉയര്‍ന്നത്. അതേസമയം മുന്‍ ദിവസങ്ങളിലേതിന് സമാനമായി സ്‌പോട്ട് ബുക്കിങ് ഉള്‍പ്പെടെ 1,20,000 പേരാണ് ശബരിമലയിലേക്ക് എത്തിയത്. ഇത്രയും ആളുകളെ മലകയറാന്‍ അനുവദിക്കുന്നത് സുരക്ഷിതമല്ല എന്നാണ് പൊലീസിന്റെ നിലപാട്. അതിനാലാണ് പമ്പ മുതല്‍ നിയന്ത്രിച്ച് കടത്തിവിടുന്നത്. അതിനിടെ ഇന്നലെ തമിഴ്‌നാട് സ്വദേശിയായ തീര്‍ഥാടകന്‍ ഹൃദയാഘാതം മൂലം സന്നിധാനത്തു മരിച്ചു.
ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍.കെ.നരേന്ദ്രന്‍, ജി.ഗിരീഷ് എന്നിവരുടെ ദേവസ്വം ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസ് പരിഗണിക്കുക. തിരക്ക് നിയന്ത്രിക്കാന്‍ സ്‌പോട് ബുക്കിങോ വെര്‍ച്വല്‍ ക്യൂ ബുക്കിങോ ഇല്ലാത്ത തീര്‍ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്നതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ കോടതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനം ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ പ്രധാന നിര്‍ദേശം. പത്തനംതിട്ട ആര്‍ടിഒയോട് നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കാന്‍ എന്‍എസ്എസ്, എന്‍സിസി വൊളന്റിയര്‍മാരുടെ സേവനം കൂടി ഉപയോഗിക്കാം എന്നും കോടതി വ്യക്തമാക്കി.