അടൂര്‍: എന്റെ നാട് തകര്‍ന്നു കൂടാ, കേരളം തകര്‍ന്നു കൂടാ എന്ന ബോധത്തിന്റെ ഭാഗമായി ഒഴുകിയെത്തുന്നവരാണ് നവകേരള സദസ്സിലെത്തുന്ന പതിനായിരങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്.പത്തനംതിട്ട ജില്ലയിലെ അവസാന നവകേരള സദസ്സായ അടൂര്‍ നിയോജകമണ്ഡലത്തിലെ സദസിനെ അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആരും നിര്‍ബന്ധിച്ചല്ല ആളുകള്‍ നവകേരള സദസിനെത്തുന്നത്. എന്റെ നാടിന്റെ ഭാവി, എന്റെ കുഞ്ഞുങ്ങളുടെ ഭാവി എന്ന ബോധ്യത്തോടെയെത്തുന്നതാണവര്‍. എല്ലാ കൂട്ടായ്മകളെയും കവച്ചുവയ്ക്കുന്ന ജനക്കൂട്ടമാണ് എല്ലാ സദസ്സിലും എത്തുന്നത്.
സാമാന്യം വലിയ ഗ്രൗണ്ടുകളിലാണ് നവകേരള സദസ് നടക്കുന്നത്. എന്നാല്‍ ഗ്രൗണ്ടുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിന്റെ ഇരട്ടിയിലേറെയാണ് ഓരോ സദസ്സിലും ഒഴുകിയെത്തുന്നത്. കനത്ത മഴയുണ്ടായിട്ടും അടൂരിലും സ്ഥിതി വ്യത്യസ്തമായില്ല – മുഖ്യമന്ത്രി പറഞ്ഞു.
അതിക്രൂരമായ മനോഭാവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോടു പെരുമാറുന്നത്. സംസ്ഥാനമെന്ന നിലയില്‍ നല്ല പ്രകടനമാണ് നമ്മള് കാഴ്ച്ചവയ്ക്കുന്നത്. സംസ്ഥാനത്തിന്റെ പ്രകടനം വച്ചു നോക്കിയാല്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടതല്ല. എന്നാല്‍ നമ്മളെ ഒരു തരത്തിലും മുന്നോട്ടു പോകാന്‍ അനുവദിക്കില്ല എന്ന വാശിയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്.
1,07,500 കോടി രൂപയുടെ കുറവാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കേരളത്തിനുണ്ടായത്. ഈ നിലയില്‍ എങ്ങനെ മുന്നോട്ടു പോകാനാണ്. ഈ ഘട്ടത്തില്‍ തര്‍ക്കിച്ചു നില്‍ക്കാനല്ല ഒന്നിച്ചു നില്‍ക്കാനാണ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ ബഹിഷ്കരിക്കുകയാണുണ്ടായത്. 2024 ലോ 2026 ലോ ഉള്ള ഒരു പ്രശ്നമല്ല. ദീര്‍ഘകാലത്തില്‍ നമ്മുടെ നാട് തകര്‍ന്നു പോകുന്ന പ്രശ്നമാണ് നമ്മുടെ മുന്നില്‍. ഇതു തിരിച്ചറിഞ്ഞുള്ള ജനക്കൂട്ടമാണ് നവകേരള സദസ്സിലെത്തുന്നതും മന്ത്രിമാര്‍ പോകുന്ന വഴിക്കു കാത്തു നില്ക്കുന്നതുമായ ആയിരങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ വിഖ്യാത ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെ പൊന്നാടയും ഉപഹാരവും നല്കി മുഖ്യമന്ത്രി ആദരിച്ചു. അടൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന കാര്‍ഷിക പദ്ധതി ‘നിറ പൊലിവ് വിഷന്‍ 2025’ ന്റെ ലോഗോ കൃഷി മന്ത്രി പി. പ്രസാദിനു നല്കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഡപ്യൂട്ടി സ്പീക്കറും അടൂര്‍ നിയമസഭാ നിയോജക മണ്ഡലം എംഎല്‍എയുമായ ചിറ്റയം ഗോപകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു , എം.ബി. രാജേഷ്, കെ.രാജന്, എന്നിവര്‍ പ്രസംഗിച്ചു.
അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള സ്വാഗതം പറഞ്ഞു.
നിര്‍ത്താതെ പെയ്യ മഴയെയും അവഗണിച്ച് ആയിരങ്ങളാണ് അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ ഒഴുകിയെത്തിയത്.
പൊതു ജനങ്ങളില്‍ നിന്ന് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ 25 കൗണ്ടറുകളും ഒരുക്കിയിരുന്നു. സദസിനു മുന്നോടിയായി ശാസ്താംകോട്ട പാട്ടു പുര അവതരിപ്പിച്ച നാടന്‍ പാട്ട്, ഏഴംകുളം തേപ്പു പാറ ജീവകാരുണ്യ ഭവന് അവതരിപ്പിച്ച നൃത്തം, അപര്‍ണ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ആര്‍ട്സ് അവതരിപ്പിച്ച മോഹിനിയാട്ടം, കൃഷ്ണപ്രിയയും സംഘവും അവതരിപ്പിച്ച തിരുവാതിര, കേരള നടനം എന്നിവ അരങ്ങേറി.