തിരുവനന്തപുരം : ചാക്കയില്‍നിന്ന് കാണാതായി കേരളത്തിന്റെയാകെ നൊമ്പരമായ 2 വയസ്സുകാരിയെ ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി കാണാതായ കുട്ടിയെ തിങ്കളാഴ്ച രാത്രി 7.30ന് കൊച്ചുവേളി റെയില്‍വെ സ്റ്റേഷനു സമീപമാണു കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണു തിരിച്ചുകിട്ടിയത്. സ്റ്റേഷന്റെ അടുത്തുള്ള ഓടയ്ക്കു സമീപമായിരുന്നു കുട്ടി. കാണാതായി 19 മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു കണ്ടെത്തല്‍.
കുട്ടിയെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കുട്ടി എങ്ങനെ ആ ഭാഗത്തെത്തി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു. പുറമേ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ക്കു മറുപടി പറയാമെന്നും ഡിസിപി അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സൂചനകള്‍ ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ കാണാതായ സ്ഥലത്ത് സിസിടിവികള്‍ ഇല്ലാതിരുന്നത് തിരിച്ചടിയായി. ചാക്ക – ഓള്‍ സെയിന്റ്‌സ് ഭാഗത്തെ സിസിടിവികള്‍ പരിശോധിക്കുന്നത് തുടരും. കുട്ടി സ്വമേധയാ നടന്നു പോയതാണോ എന്നും പരിശോധിക്കും. കുട്ടിയുടെ സഹോദരന്റെ മൊഴിയില്‍ പറഞ്ഞ മഞ്ഞ സ്‌കൂട്ടറിനെ കുറിച്ചും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
തട്ടിക്കൊണ്ടു പോയ വിവരം മാധ്യമശ്രദ്ധ നേടിയതോടെ കുട്ടിയെ ഉപേക്ഷിച്ചതാകുമെന്നാണ് പൊലീസ് കരുതുന്നത്.