മൂന്നാര്‍ : യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്ത ഒറ്റയാന് തുമ്പിക്കയ്യിലെടുത്ത് എറിഞ്ഞ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍. കെഡിഎച്ച് വില്ലേജ് പരിധിയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മൂന്നാറില്‍ ഇന്ന് റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസും ആസൂത്രണം ചെയ്യുന്നുണ്ട്. മറ്റു പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാര്‍ കന്നിമല എസ്റ്റേറ്റില്‍ ടോപ് ഡിവിഷനില്‍ സുരേഷ് കുമാര്‍ (മണി-46) ആണ് മരിച്ചത്. മൂന്നാര്‍ പെരിയവര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇന്നലെ രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങള്‍ക്കു സമീപമാണ് സംഭവം.
മൂന്നാറില്‍ നിന്നു കന്നിമലയിലേക്ക് 6 യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഒറ്റയാന്റെ മുന്നില്‍ പെടുകയായിരുന്നു. കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടപ്പോള്‍ ആനയുടെ കാലിലേക്കു തെറിച്ചുവീണ സുരേഷ് കുമാറിനെ ആന തുമ്പിക്കയ്യിലെടുത്ത് എറിയുകയായിരുന്നുവെന്നാണ് വിവരം. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാര്‍ സംഭവസ്ഥലത്തു മരിച്ചു.
കന്നിമല ടോപ് ഡിവിഷനില്‍ എസക്കിരാജ് (40), ഭാര്യ റജീന (37), മകള്‍ കുട്ടി പ്രിയ (11) എന്നിവരാണ് പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ കഴിയുന്നത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പരുക്കേല്‍ക്കാതെ ഓടി രക്ഷപ്പെട്ടു. നല്ലതണ്ണി ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ നടന്ന വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു എസക്കിരാജും ഭാര്യയും മകളും.
ഒറ്റയാന് ഓട്ടോയ്ക്കു സമീപം നിലയുറപ്പിച്ചതിനാല്‍ പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മൂന്നാറിലെ ആശുപത്രിയില്‍ ആളുകള്‍ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. മൂന്നാറില്‍ ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് പ്രതിഷേധിച്ചവര്‍ അറിയിച്ചു.