അടൂര്‍: ഉപയോഗശൂന്യമായ ഏതാനും പാഴ്വസ്തുക്കള്‍, ഇത്തിരി ഹാര്‍ഡ് ബോര്‍ഡ് കഷണങ്ങള്‍, പഴയ രണ്ട് ഇയര്‍ ഫോണ്‍, ഒന്നു രണ്ട് എക്സ്റേ ഫിലിം, വഴികാട്ടാന്‍ ഗൂഗിളും യുട്യൂബും. ഏദന്‍ വി. ജിനുവെന്ന ഒമ്പതാം ക്ലാസുകാരന്റെ കരവിരുതില്‍ പിറന്നത് രണ്ട് യന്ത്രമനുഷ്യര്‍. ദൈവം ആദത്തിനെയും ഹവ്വയെയും സൃഷ്ടിച്ച് ഏദന്‍ തോട്ടത്തില്‍ വിട്ടതു പോലെ കുഞ്ഞപ്പനെയും കുഞ്ഞിരാമനെയും സൃഷ്ടിച്ചിരിക്കുകയാണ് ഏദെന്‍.
അടൂര്‍ പെരിങ്ങനാട് മുണ്ടപ്പള്ളി റീത്ത് പള്ളിക്കു സമീപം വള്ളിവിളയില്‍ ഏദന്‍ വി. ജിനു ഓള്‍സെയിന്റ്സ് സ്‌കൂളിലാണ് പഠിക്കുന്നത്. കുഞ്ഞപ്പന്‍, കുഞ്ഞിരാമന്‍ എന്നിങ്ങനെ വലുതും ചെറുതുമായ യന്ത്രമനുഷ്യരെുടെ രൂപമാണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചോദിക്കുന്ന ചോദ്യങ്ങയാണ് ഏദെന്‍ സൃഷ്ടിച്ചിരിക്കുന്നത്. പൂര്‍ണമായ ഒരു സൃഷ്ടിയെന്ന് പറയാന്‍ കഴിയില്ല. കാരണം, ഇവയ്ക്ക് സംസാരിക്കാനുള്ള കഴിവില്ല.
പക്ഷെ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാം. എവിടേക്ക് വേണമെങ്കിലും നീങ്ങും. ശരീരഭാഗങ്ങള്‍ ചലിപ്പിക്കും. ഒരു വര്‍ഷമെടുത്താണ് കുഞ്ഞപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ആദ്യ യന്ത്രമനുഷ്യനെ നിര്‍മ്മിച്ചത്. അനിയന്‍ കുഞ്ഞിരാമനെ നിര്‍മ്മിച്ചത് രണ്ടാഴ്ച കൊണ്ടാണ്. യന്ത്രമനുഷ്യനെ നിര്‍മ്മിക്കാന്‍ പഠിച്ചത് ഗൂഗിളിന്റെയും യുട്യൂബിന്റെയും സഹായത്തോടെയാണ്. വീട്ടില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ആക്രിക്ക് കൊടുക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. പഴയ കാര്‍ഡ് ബോര്‍ഡ്, എക്സ്റേ ഫിലിം, ഇയര്‍ ഫോണുകള്‍, ഏദന്റെ കുട്ടിക്കാലത്തെ കളിപ്പാട്ടങ്ങളിലെ വയറുകള്‍, റിമോട്ടുകള്‍ ബാറ്ററി എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നവയില്‍ അധികവും. യന്ത്രമനുഷ്യനില്‍ അടിക്കാനുള്ള പെയിന്റ് മാത്രമാണ് പുറത്തു നിന്നും വാങ്ങിയത്. അവിചാരിതമായി ഒരിക്കല്‍ യ്യൂടൂബില്‍ യന്ത്രമനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഏദന്‍ കാണാനിടയായി. അപ്പോള്‍ തോന്നിയ ആഗ്രഹമാണ് സ്വന്തമായി ഒരു യന്ത്രമനുഷ്യനെ നിര്‍മ്മിക്കണമെന്നത്. എല്ലാ പിന്തുണയും മാതാപിതാക്കളായ ജിനു വി.സാമും ജോണ്‍സി ജോര്‍ജും നല്‍കി. ഇനി
വീട്ടില്‍ ഒരു കമ്പ്യൂട്ടര്‍ ക്രമീകരിച്ച് കുഞ്ഞപ്പനിലും കുഞ്ഞുരാമനിലും സംസാരിക്കുവാനുള്ള പ്രോഗ്രാം ഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്
ഏദന്‍ വി.ജിനു. കെയിന്‍ വി.ജിനു സഹോദരനാണ്.