തിരുവനന്തപുരം: അടുത്തവര്‍ഷം ഒക്ടോബറിലെ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് വാര്‍ഡുകളുടെ പുനര്‍നിര്‍ണയം നടത്താനുള്ള തീരുമാനം സര്‍ക്കാരിനു സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. 1200 വാര്‍ഡുകള്‍ പുതുതായി വരുമ്പോള്‍ അത്രയും അംഗങ്ങള്‍ക്ക് ഓണറേറിയവും സീറ്റിങ് ഫീസും നല്‍കേണ്ടിവരും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് വ്യത്യസ്ത ഓണറേറിയമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ് ഉയര്‍ന്ന ഓണറേറിയം-16800 രൂപ. കുറവ് പഞ്ചായത്ത് അംഗത്തിനും-8000രൂപ. സെന്‍സസ് നടത്താതെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍നിര്‍ണയിക്കുന്നത് ഗുണകരമാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 2011ലാണ് അവസാനമായി സെന്‍സസ് നടന്നത്. 2001ലെ സെന്‍സസ് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തദ്ദേശ സ്ഥാപന അതിര്‍ത്തികളെന്നും ജനസംഖ്യ മാറുന്നതിന് അനുസരിച്ച് കാലോചിതമായ മാറ്റം വേണമെന്നുമാണ് മറുവാദം.