ആലപ്പുഴ: രണ്ടു കോടി രൂപ വിലവരുന്ന ലഹരിമരുന്ന് കോഴിക്കോട് പിടികൂടിയ സംഭവത്തില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമി (24) നാട്ടിലെത്തിയിരുന്നത് ആഡംബര വാഹനങ്ങളില്‍. മുന്‍പ് ദേശീയപാതയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജുമി നില്‍ക്കുന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കണ്ടിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചെങ്കിലും ജുമി ദേഷ്യപ്പെട്ടു. വര്‍ഷങ്ങളായി ജുമി ലഹരിമരുന്നിന് അടിമയായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു.
പുന്നപ്ര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ ജുമി 2016ല്‍ പീഡനപരാതി ഉന്നയിച്ചു. പൊലീസ് പോക്‌സോ കേസെടുത്തെങ്കിലും കോടതിയില്‍ നടന്ന തുടര്‍ വാദങ്ങളില്‍ ജുമിയോ കുടുംബമോ ഹാജരായില്ല. ഉദ്യോഗസ്ഥന്‍ ജോലിയില്‍ നിന്നു വിരമിച്ചു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ജുമിയും മാതാവും വര്‍ഷങ്ങളായി പുന്നപ്രയിലെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ജുമിയുടെ പിതാവ് ജയിലില്‍ കിടന്നിട്ടുണ്ട്. പ്രദേശവാസികളുമായി ഒരു തരത്തിലുമുള്ള ബന്ധവും കുടുംബം പുലര്‍ത്തിരുന്നില്ല.
ജുമിക്ക് കരുനാഗപ്പള്ളിയിലെ ഒരു വ്യക്തിയുമായി അടുപ്പമുണ്ടായിരുന്നു. പിന്നീട് ഈ ബന്ധം നിലനിന്നില്ല. ആഡംബര ജീവിതമാണ് ജുമി നയിച്ചിരുന്നത്. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ജുമിയുടെ ഇടപാടുകളെല്ലാം. ആറ് മാസം മുന്‍പ് പുന്നപ്രയിലെ വീട്ടില്‍നിന്ന് മാതാവിനെ മാറ്റി. ഇപ്പോള്‍ വീട്ടില്‍ ആരുമില്ല. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജുമിയുടെ മാതാവിനു വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ജുമി ലഹരിരുന്നു സംഘത്തില്‍ കാരിയറായി പ്രവര്‍ത്തിക്കുകയായിരുന്നു. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്നു രണ്ടു കോടിയിലധികം രൂപ വിലവരുന്ന മാരക ലഹരിമരുന്നുകള്‍ പിടികൂടിയിരുന്നു. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജുമി ഉള്‍പ്പെട്ട സംഘം പിടിയിലായത്.
ഒന്നാം പ്രതി നിലമ്പൂര്‍ സ്വദേശി ഷൈന്‍ ഷാജിയെ ബെംഗളൂരൂവില്‍ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യനെ കുമളിയില്‍ നിന്നും പിടികൂടി. ബെംഗളൂരുവില്‍ നിന്നും ഷൈനിനോടൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിന്റെ കാരിയര്‍ ആയി പ്രവര്‍ത്തിച്ചത് ജുമിയായിരുന്നു. ബെംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസുവഴി മയക്കു മരുന്ന് കടത്തിന് ഷൈന്‍ നിരവധി തവണ ജുമിയെ കാരിയര്‍ ആക്കിയിട്ടുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചു.