തിരുവനന്തപുരം: ആമയഴിഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട തൊഴിലാളിയെ തിരയാന്‍ റോബട്ടുകളെ എത്തിച്ചു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജെന്‍ റോബട്ടിക്‌സ് കമ്പനിയുടെ രണ്ടു റോബട്ടുകളെയാണ് എത്തിച്ചത്. ഒരെണ്ണം മാലിന്യം നീക്കുകയും മറ്റൊരെണ്ണം തിരച്ചില്‍ നടത്തുകയും ചെയ്യും. രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥലത്ത് മേയറും കലക്ടറും എത്തി. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന് അടിയിലുള്ള ടണലിന്റെ മറുകരയിലും സ്‌കൂബ സംഘം നടത്തിയ പരിശോധന വിഫലമായതോടെയാണ് റോബട്ടുകളെ എത്തിച്ചത്. സ്‌കൂബ സംഘം തിരച്ചില്‍ അവസാനിപ്പിച്ചു. മാരായമുട്ടം സ്വദേശി ജോയിയെയാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്
മാലിന്യം പൂര്‍ണമായി നീക്കാന്‍ ഇനിയുടെ മണിക്കൂറുകള്‍ വേണമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. തോട്ടിലും ടണലിലും മാലിന്യം നിറഞ്ഞുകിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പരിശോധന നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനടിയില്‍ക്കൂടിയാണ് തോട് ഒഴുകിപ്പോകുന്നത്. പ്ലാറ്റ്‌ഫോമിനടിയിലെ ടണലിലേക്ക് മാലിന്യം ഒഴുകിപ്പോകുന്നത് തടയാനും മാലിന്യം നീക്കാനുമാണ് രാവിലെ ജോയി തോടില്‍ ഇറങ്ങിയത്. 140 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ളതാണ് ടണല്‍.
കൂലിപ്പണിയും അതിനുശേഷം ആക്രി പെറുക്കിയും ജീവിച്ചിരുന്നയാളാണ് ജോയി. പ്രായമായ അമ്മ മെര്‍ഹി മാത്രമാണ് ജോയിക്കൊപ്പം ഉള്ളത്. ഒരു സഹോദരനും രണ്ട് സഹോദരിമാരും കൂടി ജോയിക്കുണ്ട്. രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണ് ജോയി തോട്ടിലിറങ്ങിയത്. മഴ പെയ്തതോടെ മറ്റു രണ്ടുപേര്‍ തോട്ടില്‍നിന്ന് കയറിയെങ്കിലും മറുകരയിലായിരുന്ന ജോയി ഇക്കരെ വരാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പ്പെടുകയായിരുന്നു. ടണല്‍ വൃത്തിയാക്കേണ്ട ചുമതല റെയില്‍വേയ്ക്കാണെന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പറയുന്നത്.