പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഔദ്യോഗിക പരവും വ്യക്തിപരവും സര്‍വീസ് സംബന്ധവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മൂന്നിന പരിപാടിയുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍.
കാവല്‍ കരുതല്‍, ഫ്രൈഡേ ബോക്സ്, ഇന്‍ പഴ്സണ്‍ എന്നിങ്ങനെ മൂന്നു തലത്തിലുള്ള പ്രശ്നപരിഹാര പദ്ധതിയാണ് കൊണ്ടു വന്നിരിക്കുന്നത്. ഇതില്‍ കാവല്‍ കരുതല്‍ പോലീസ് സ്റ്റേഷന്‍, ജില്ലാ പോലീസ് ഓഫീസ് തലത്തിലും മറ്റു രണ്ടെണ്ണം ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലുമാകും പരിഹരിക്കുക.
ഇന്‍ പഴ്സണ്‍ പരാതി ഉദ്യോഗസ്ഥന്‍ നേരിട്ട് എഡിജിപി ഓഫീസില്‍ നല്‍കണം. ഇതിനായി ബന്ധപ്പെട്ട മേലധികാരി ഡയൂട്ടിയായി പരിഗണിച്ച് അനുമതി നല്‍കണം.
കാവല്‍ കരുതല്‍ പദ്ധതി പ്രകാരം എല്ലാ പോലീസ് സ്റ്റേഷനുകളിലും എസ്എച്ച്ഓയുടെ നേതൃത്വത്തില്‍ എസ്എച്ച്ഓ, റൈറ്റര്‍, ഒരു പോലീസ് ഉദ്യോഗസ്ഥ, സ്പെഷല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്‍, പോലീസ് സംഘടനകളുടെ പ്രതിനിധി എന്നിവരുള്‍പ്പെട്ട കമ്മറ്റി രൂപീകരിക്കണം. ഈ കമ്മറ്റി സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അറിയിപ്പ് നല്‍കിയ ശേഷം എല്ലാ വെളളിയാഴ്ചയും രാവിലെ 9.30 ന് മുന്‍പ് എസ്.എച്ച്.ഓയുടെ അധ്യക്ഷതയില്‍ തന്നെ യോഗം ചേരണം. എസ്.എച്ച്ഓയ്ക്ക് അസൗകര്യമുണ്ടെങ്കില്‍ വേറെ ആരെയും ഈ ചുമതല ഏല്‍പ്പിക്കാതെ ഏറ്റവും സൗകര്യ പ്രദമായ മറ്റൊരു ദിവസം എസ്എച്ച്ഓയുടെ അധ്യക്ഷതയില്‍ തന്നെ യോഗം ചേരണം.
യോഗത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഔദ്യോഗികവും വ്യക്തിപരവും സര്‍വീസ് സംബന്ധവുമായ പരാതികള്‍ ഉന്നയിക്കാവുന്നതാണ്. യോഗത്തിന് പ്രത്യേകം മിനുട്സ് തായറാക്കണം. പരാതികള്‍ വ്യക്തമായി മിനുട്സില്‍ രേഖപ്പെടുത്തണം. പരാതി നല്‍കിയ ആളുടെ പേര്, ഔദ്യോഗിക പദവി, വിലാസം, പരാതി സംക്ഷിപ്തം, പരാതി തീര്‍പ്പാക്കിയ വിവരം എന്നിവ രേഖപ്പെടുത്തുന്നതിന് എല്ലാ സ്റ്റേഷനിലും ഒരു ഓണ്‍ലൈന്‍ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും പരാതിയില്‍ എടുത്ത നടപടി ഈ രജിസ്റ്ററില്‍ ചേര്‍ക്കുകയും വേണം.. പരാതികള്‍ പോലീസ് സ്റ്റേഷന്‍ തലത്തില്‍ തീര്‍പ്പാക്കുന്നതാകാന്‍ കഴിയുന്നതാണെങ്കില്‍ 24 മണിക്കൂറിനകം നടപടി വിവരങ്ങള്‍ ഈ രജിസ്റ്ററില്‍ ചേര്‍ക്കണം. ഇക്കാര്യം പരാതിക്കാരനെ അറിയിക്കുകയും വേണം.
എല്ലാ പരാതികളിലും ഏഴു ദിവസത്തിനകം കര്‍ശനമായി പരിഹാരം കണ്ടെത്തണം. പോലീസ് സ്റ്റേഷന്‍ തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാത്ത പരാതികള്‍ അന്നേദിവസം തന്നെ ജില്ലാ പോലീസ് മേധാവിക്ക് അയച്ചു കൊടുക്കണം. ഒരോ യോഗം ചേരുമ്പോഴും മുന്‍പ് നടന്ന യോഗത്തില്‍ ലഭി്ച്ച പരാതികളില്‍ സ്വീകരിച്ച നടപടിയും മറ്റുള്ളവയുടെ തല്‍സ്ഥിതിയും വിശദീകരിക്കണം. കമ്മറ്റി മുന്‍പാകെ ലഭിക്കുന്ന പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങള്‍ എഡിജിപി ഓഫീസിലേക്ക് തിങ്കള്‍ വൈകിട്ട് നാലിന് മുന്‍പ് ഇ-മെയിലില്‍ നല്‍കണം. പോലീസ് സ്റ്റേഷന്‍, ജില്ലാ പോലീസ് മേധാവി, റേഞ്ച് ഡിഐജി, സോണല്‍ ഐജി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ആ വിവരം എഡിജിപിയെ അറിയിക്കണം.
സ്റ്റേഷനിലെ മാതൃകയില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലും കമ്മറ്റി രൂപീകരിക്കണം. എസ്.പി, അഡിഷണല്‍ എസ്പി/ഡിസിപി അഡ്മിനിസ്ട്രേഷന്‍, മാനേജര്‍/എ.ഓ, ഡിവെ.എസ്പി/എസിപി സ്പെഷല്‍ ബ്രാഞ്ച്, പോലീസ് ഉദ്യോഗസ്ഥ, പോലീസ് സംഘടനകളുടെ ജില്ലാ അധ്യക്ഷന്‍മാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കണം. എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പായി കമ്മറ്റി യോഗം ചേരണം. എസ്.പിക്ക് അസൗകര്യമുണ്ടെങ്കില്‍ യോഗം അദ്ദേഹത്തിന് കൂടി സൗകര്യപ്രദമായ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കാം. മറ്റ് നടപടി ക്രമങ്ങളെല്ലാം സ്റ്റേഷനില്‍ നിന്നുള്ളത് പോലെ തന്നെയാകും. അതത് മാസം പരാതികളും അതില്‍ സ്വീകരിച്ച നടപടിയും അടങ്ങുന്ന റിപ്പോര്‍ട്ട് എഡിജിപിക്ക് നല്‍കണം.
ഇതിന് പുറമേയാണ് ഇന്‍ പഴ്സണ്‍ എന്ന പേരില്‍ നേരിട്ട് എഡിജിപി ഓഫീസില്‍ ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്.