തിരുവല്ല: മത വിദ്വേഷം പരത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനും അശ്ലീല പദപ്രയോഗം നടത്തിയതിനും അറസ്റ്റിലായ നമോ ടിവി ഉടമയെയും അവതാരകയെയും കോടതി ജാമ്യത്തില്‍ വിട്ടു. മുത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന നമോ ടി.വി ഉടമ കുളനട മെഴുവേലില്‍ വടക്കേ കരയത്ത് വീട്ടില്‍ രഞ്ജിത്ത് ഏബ്രഹാം (35), അവതാരിക വള്ളിക്കോട് ശ്രീജ ഭവനില്‍ ശ്രീജ പ്രസാദ് (33) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് റാന്നി കോടതിയാണ് ജാമ്യം അനുവദിച്ചത്.
വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ട്യൂബ് ചാനലിനെതിരെ സെപ്റ്റംബര്‍ 19 നാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയി. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇരുവരും ഇന്നുച്ചയോടെ തിരുവല്ല എസ്.എച്ച്.ഒ മുമ്പാകെ കീഴടങ്ങുകയായിരുന്നു. മുന്‍പും ഇവര്‍ക്കെതിരേ ഈ രീതിയില്‍ കേസ് എടുത്തിരുന്നു. അന്ന് ശക്തമായ താക്കീതോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ജാമ്യമെടുത്ത ശേഷം വീണ്ടും പഴയ രീതി പിന്തുടരുകയായിരുന്നു.