കറാച്ചി: ട്വന്റി20 ലോകകപ്പില്‍ പ്രതീക്ഷ നിലനിര്‍ത്തി അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ നേടിയ കൂറ്റന്‍ വിജയം ഒത്തുകളിയാണെന്ന് പാക്ക് ആരാധകരുടെ വ്യാപക പ്രചാരണം. ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ മികച്ച മാര്‍ജിനിലുള്ള വിജയം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്യേണ്ടി വന്നിട്ടും ഇന്ത്യ കൂറ്റന്‍ വിജയം നേടിയത്. ആദ്യ രണ്ടു മത്സരങ്ങളില്‍ പൂര്‍ണമായും നിരാശപ്പെടുത്തിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍, അഫ്ഗാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഈ ടൂര്‍ണമെന്റിലെ തന്നെ ഉയര്‍ന്ന സ്‌കോറും സമ്മാനിച്ചു. ഇതിനിടെയാണ് മത്സരം ഒത്തുകളിയാണെന്ന് പാക്ക് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 210 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (74), കെ.എല്‍. രാഹുല്‍ (69) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. പിന്നീട് പിരിയാത്ത മൂന്നാം വിക്കറ്റില്‍ വെറും 21 പന്തില്‍നിന്ന് 63 റണ്‍സ് അടിച്ചുകൂട്ടിയ ഹാര്‍ദിക് പാണ്ഡ്യ – ഋഷഭ് പന്ത് സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 210ല്‍ എത്തിച്ചത്. അഫ്ഗാനെ 144 റണ്‍സില്‍ ഒതുക്കി ഇന്ത്യ 66 റണ്‍സിന്റെ കൂറ്റന്‍ വിജയവും നേടി.
ഇന്ത്യയ്ക്കെതിരെ അഫ്ഗാന്‍ താരങ്ങള്‍ പൊരുതാന്‍ പോലും നില്‍ക്കാതെ കീഴടങ്ങിയെന്നാണ് പാക്ക് ആരാധകരുടെ ആരോപണം. ഐപിഎലിന്റെ പണക്കൊഴുപ്പ് കണ്ട് അതിന്റെ ഭാഗമാകുന്നതിനാണ് അവര്‍ ഇന്ത്യയോടു ‘തോറ്റുകൊടുത്തതെന്നും’ ഇവര്‍ ആരോപിക്കുന്നു.