കൊച്ചി: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനെതിരെ രംഗത്തെത്തിയ നടന്‍ ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ രണ്ടാം പ്രതിയും ഐഎന്‍ടിയുസി പ്രാദേശിക നേതാവുമായ പി.ജെ.ജോസഫ് തൈക്കൂടത്തിന്റെ ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതി തള്ളി. കേസില്‍ കക്ഷി ചേരാന്‍ ജോജു അപേക്ഷ നല്‍കിയിരുന്നു.
മുന്‍ മേയര്‍ ടോണി ചമ്മണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ.ഷാജഹാന്‍, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജര്‍ജസ്സ്, സൗത്ത് മുന്‍ മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.
കേസില്‍ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണു ജോജു കേസില്‍ കക്ഷിചേരാന്‍ ശ്രമിച്ചത്. ഇതിന്റെ നിയമവശങ്ങള്‍ കോടതി പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി ജോജുവിനു പരാതിയുണ്ട്
നടന്‍ മാസ്‌ക് ഉപയോഗിക്കാതെ നിരത്തിലിറങ്ങിയതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനു കേസെടുക്കണം എന്ന ആവശ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചിരുന്നു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചതിലും നിയമലംഘനം നടത്തിയെന്നും പരാതിയുണ്ട്.