ചെങ്ങന്നൂര്‍: രാജ്യത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ പ്രഹേളികയായി മാറിയ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. ചെങ്ങന്നൂര്‍ ചെറിയനാട്ടാണ് കുറുപ്പ് ജനിച്ചു വളര്‍ന്നത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയെ കൊന്നു കാറിലിട്ട് കത്തിച്ചതും പിന്നീട് ആ മൃതദേഹം കുറുപ്പിന്റേതാണെന്ന് വരുത്തി തീര്‍ത്ത് കൊണ്ടു വന്ന് സംസ്‌കരിച്ചതും ചെറിയനാട്ടെ കുടുംബവീട്ടിലായിരുന്നു.
സംഭവം നടന്ന നാലു ദശകം പിന്നിടുമ്പോള്‍ കുറുപ്പിന്റെ കഥ ഒന്നുകൂടി വെള്ളിത്തരയില്‍ എത്തുകയാണ്. കുറുപ്പിന്റെ വേഷത്തില്‍ യുവ നടന്‍ ദുല്‍ഖറും എത്തുന്നു. സംഭവം നടന്നതിന് പിന്നാലെ എന്‍.എ്ച്ച് 47 എന്ന പേരില്‍ കുറുപ്പിന്റെ കഥ സിനിമയായിരുന്നു. ടിജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്. ചാക്കോയായി സുകുമാരനും വേഷമിട്ടു.
ദുല്‍ഖറിന്റെ കുറുപ്പിന് വേണ്ടി വലിയ പ്രചാരണ വേലകളാണ് നടന്നു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി സിനിമയുടെ പോസ്റ്റര്‍ കുറുപ്പിന്റെ കുടുംബവീടിന് മുന്നിലും കൊണ്ടു വന്ന് പതിപ്പിച്ചിട്ടുണ്ട്. കുറുപ്പിന് വേണ്ടി പൊലീസ് ഇറക്കുന്ന ലുക്കൗ ഔട്ട് നോട്ടീസ് ആയിട്ടാണ് പോസ്റ്റര്‍ തയാറാക്കിയിട്ടുള്ളത്. കുറുപ്പിന്റെ തറവാട്ട് വീടിന് മുന്നില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ തൂണിലാണ് നിരത്തി പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.